പ്രയാസങ്ങളിലും തടസ്സങ്ങളിലും അവൻ അവതരിക്കുമെന്നാണ് വാചകമെങ്കിൽ അർജൻ്റീനയ്ക്ക് അത് എക്കാലവും തങ്ങളുടെ മിശീഹയായ ലയണൽ മെസ്സിയുടെ അവതാരമാണ്. ടൂർണമെൻ്റിൽ പരിഹാസങ്ങളിൽ നിന്നും ആദ്യ റൗണ്ടിൽ പുറത്താകുമെന്ന നാണക്കേടിൽ നിന്നും അർജൻ്റീനൻ പടയെ രക്ഷിക്കാൻ ഇത്തവണയും അവതരിച്ചതും അവൻ തന്നെ.
കൃത്യതയില്ലാത്ത പാസിംഗുകളും മൂർച്ചയില്ലാത്ത ആക്രമണവും കൊണ്ട് മെക്സിക്കൻ മതിലിൽ തട്ടി തിരികെ വന്നിരുന്ന അർജൻ്റൈൻ ആക്രമണങ്ങൾക്ക് ദിശാബോധം നൽകിയത് 64ആം മിനിട്ടിൽ മെസ്സി നേടിയ ട്രേഡ് മാർക്ക് ഗോളായിരുന്നു. ടീമിന് തന്നെ ആ ഗോൾ നൽകിയ ഊർജമെന്തായിരുന്നു എന്നത് ഇന്നലെ മത്സരം കണ്ട ഫുട്ബോൾ ആരാധകർക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല.
ആദ്യ ഗോളിന് ശേഷമാണ് കളിക്കളത്തിൽ അല്പമെങ്കിലും ആത്മവിശ്വാസത്തോടെ അർജൻ്റീന പ്പട പന്തുതട്ടിയത്. മത്സരത്തിലെ 87ആം മിനുട്ടിൽ യുവതാരമായ എൻസോ ഫെർണാണ്ടസിലൂടെ അർജൻ്റീന ലീഡ് നില ഉയർത്തിയതോടെ മത്സരം അർജൻ്റീന സ്വന്തമാക്കി. പുറത്താകാതിരിക്കാൻ വിജയം അനിവാര്യമായിരുന്ന അർജൻ്റീനയ്ക്ക് ഇപ്പോൾ പോളണ്ടിന് പുറകിൽ സൗദിക്കൊപ്പം മൂന്ന് പോയൻ്റുകളാണുള്ളത്.