കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ പരിക്കേറ്റതോടെ വിശ്രമത്തിലാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരവും നായകനുമായ ലയണല്‍ മെസ്സി. ഇതോടെ അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മെസ്സി ഇല്ലാതെയാകും അര്‍ജന്റീന ഇറങ്ങുക. യോഗ്യത മത്സരങ്ങള്‍ക്കുള്ള 28 അംഗ ടീമിനെ കഴിഞ്ഞ ദിവസം അര്‍ജന്റീന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മെസ്സിയും ഡിമരിയയും ഇല്ലാത്ത ടീമില്‍ ആരായിരിക്കും നായകനാവുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സീനിയര്‍ താരം നിക്കോളസ് ഓട്ടമെന്‍ഡി സ്‌ക്വാഡില്‍ ഉണ്ടെങ്കിലും ആദ്യ ഇലവനില്‍ എത്താന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ റോഡ്രിഗോ ഡി പോള്‍, എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരില്‍ ഒരാളെയാണ് സ്‌കലോണി നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ പേരും നായകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരങ്ങള്‍. എസേക്വില്‍ ഫെര്‍ണാണ്ടസ്, വാലന്റൈന്‍ കാമസ്റ്റലോനോസ് എന്നിവരാണ് അര്‍ജന്റെന്‍ ടീമിലെ പുതുമുഖങ്ങള്‍. അലസാന്ദ്രോ ഗാര്‍നച്ചോ ടീമില്‍ ഇടം നേടിയപ്പോള്‍ പൗളോ ഡിബാല ഇത്തവണയും ടീമിന് പുറത്താണ്.