യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദസെമിയില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ച് ഫ്രഞ്ച് ക്ലബായ പിഎസ്ജി. ക്വാര്‍ട്ടറില്‍ സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്തെത്തിയ ആഴ്‌സണലിനെതിരെ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഒസ്മാന്‍ ഡെംബലെ ഗോളടിച്ചു. മത്സരത്തിലുടനീളം പൊരുതിയെങ്കിലും സമനില ഗോള്‍ നേടാന്‍ ആഴ്‌സണലിനായില്ല. രണ്ടാം പാദ സെമിയില്‍ പിഎസ്ജിയുടെ തട്ടകത്തിലെ മത്സരം അടുത്ത ബുധനാഴ്ച നടക്കും.
ബാഴ്‌സലോണ- ഇന്റര്‍ മിലാന്‍ രണ്ടാം സെമിയുടെ ആദ്യപാദ മത്സരം ഇന്ന് രാത്രി നടക്കും. പിഎസ്ജി ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഡേവിഡ് റയയുടെ തകര്‍പ്പന്‍ സേവുകളാണ് ആഴ്‌സണലിനെ വന്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. തുടക്കത്തിലേറ്റ തിരിച്ചടിക്ക് ശേഷം ആഴ്‌സണലും ശക്തമായി തിരിച്ചുവന്നെങ്കിലും മികച്ച പ്രകടനമാണ് പിഎസ്ജിക്കായി ഗോള്‍കീപ്പര്‍ ഡോണ്ണരുമ നടത്തിയത്.
ആഴ്‌സണല്‍ താരങ്ങളായ ഡിസൈര്‍ ഡോവ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ലിയാന്ദ്രോ ട്രൊസാര്‍ഡ് തുടങ്ങിയവര്‍ക്ക് ലഭിച്ച ഉറച്ച ഗോളവസരങ്ങളാണ് ഡോണ്ണരുമ തട്ടിയകറ്റിയത്. ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്കില്‍ മൈക്കല്‍ മെറീനോ ഹെഡറിലൂടെ സമനില ഗോള്‍ നേടിയെങ്കിലും ഇത് ഓഫ്‌സൈഡാണെന്ന് വാര്‍ പരിശോധനയില്‍ തെളിഞ്ഞതും ആഴ്‌സണലിന് തിരിച്ചടിയായി.