Espanyol vs Barcelona : 2 മത്സരങ്ങൾ ഇനിയും ബാക്കി, ലാലിഗ കിരീടം സ്വന്തമാക്കി ബാഴ്സലോണ, 28മത്തെ കിരീടനേട്ടം
ബാഴ്‌സലോണയുടെ ഇരുപത്തിയെട്ടാം കിരീടമാണിത്.
സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഹാന്‍സി ഫ്‌ലിക്കിന്റെ ബാഴ്‌സലോണ. എസ്പാനിയോളിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് 2 ഗോളുകളും പിറന്നത്. 53മത്തെ മിനിറ്റില്‍ യുവതാരം ലാമിന്‍ യമാലാണ് ടീമിന് ലീഡ് നേടികൊടുത്തത്. മത്സരത്തിന്റെ അധികസമയത്തിന്റെ ആറാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസ് നേടിയ ഗോളിലൂടെ ബാഴ്‌സ ആധികാരികമായ വിജയം സ്വന്തമാക്കി. ലീഗില്‍ 2 മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് 85 പോയന്റുകളുമായി ബാഴ്‌സലോണ കിരീടം ഉറപ്പിച്ചത്. ബാഴ്‌സലോണയുടെ ഇരുപത്തിയെട്ടാം കിരീടമാണിത്.
കഴിഞ്ഞ ദിവസം റയല്‍മാഡ്രിഡിനെതിരായ നിര്‍ണായകമായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതിന് പിന്നാലെ റയല്‍ മല്ലോര്‍ക്കെക്കെതിരായ മത്സരത്തിലും വിജയിച്ചെങ്കിലും എല്‍ ക്ലാസിക്കോയിലേറ്റ തോല്‍വി കാരണം ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോയന്റ് വ്യത്യാസം 7 ആയി ഉയര്‍ന്നിരുന്നു. ഇതോടെയാണ് എസ്പാന്യോളിനെ തോല്‍പ്പിച്ച് ബാഴ്‌സ ലാലിഗ കിരീടം സ്വന്തമാക്കിയത്.