അട്ടിമറികള്‍ക്ക് പേര് കേട്ടവര്‍, ബ്രസീല്‍ പേടിക്കണം; ഏഷ്യന്‍ കരുത്ത് കാനറികളുടെ ചിറകരിയുമോ?
പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍
മുന്‍പൊന്നും കണ്ടിട്ടില്ലാത്ത വിധം ഏഷ്യന്‍ രാജ്യങ്ങള്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ തിളങ്ങുന്ന കാഴ്ചയാണ് ഖത്തറില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയയും ജപ്പാനും എതിരാളികള്‍ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നു. പ്രീ ക്വാര്‍ട്ടറില്‍ ഇവരുടെ എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് സാരം.
പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ഏത് വമ്പന്‍ ടീമിന് മുന്നിലായാലും ഭയപ്പെടാതെ ആക്രമണ ഫുട്‌ബോള്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ് ദക്ഷിണ കൊറിയ. അഞ്ച് തവണ ലോകകപ്പ് സ്വന്തമാക്കിയ ബ്രസീല്‍ ദക്ഷിണ കൊറിയയ്ക്ക് ഒരു തരത്തിലും സമ്മര്‍ദ്ദമുണ്ടാക്കില്ല. കാരണം ഏത് സമ്മര്‍ദ്ദ ഘട്ടങ്ങളേയും അതിജീവിക്കാനുള്ള ധൈര്യമാണ് ദക്ഷിണ കൊറിയയെ പ്രീ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത്.
അട്ടിമറികളുടെ രാജാക്കന്‍മാരായ ദക്ഷിണ കൊറിയയെ ബ്രസീല്‍ നന്നായി പേടിക്കണം. 2014 ലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ 2018 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കെട്ടുകെട്ടിച്ചത് ദക്ഷിണ കൊറിയയാണ്. അന്ന് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. പേരുകേട്ട ജര്‍മന്‍ താരങ്ങള്‍ക്ക് മുന്നില്‍ വര്‍ധിത പോരാട്ട വീര്യത്തോടെ കളിക്കുന്ന ദക്ഷിണ കൊറിയയെയാണ് അന്ന് കണ്ടത്.
ഇപ്പോള്‍ ഖത്തറിലും ദക്ഷിണ കൊറിയ തങ്ങളുടെ അട്ടിമറി പാരമ്പര്യം ആവര്‍ത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ കീഴടക്കിയത്. ആ ജയം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്. 2018 ല്‍ ജര്‍മനിക്കും ഇത്തവണ പോര്‍ച്ചുഗലിനും നല്‍കിയ ഷോക്ക് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് നല്‍കാനാകും ദക്ഷിണ കൊറിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക.