കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ അർജന്റീനയുടെ ആദ്യ മത്സരം ഇന്ന്. മുൻ ചാമ്പ്യന്മാരായ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി രണ്ടരയ്‌ക്കാണ് മത്സരം. രണ്ട് തവണ അർജന്റീനയിൽ നിൻനും കിരീടം തട്ടിയെടുത്തവരാണ് ചിലി.
അതേസമയം പരിക്കേറ്റ പ്രതിരോധ താരം ക്രിസ്റ്റ്യൻ റോമേറോ ഒഴികെ എല്ലാവരെയും സജ്ജരെന്ന് കോച്ച് ലിയോണൽ സ്‌കൊലാണി അറിയിച്ചു. 4-3-3 ശൈലിയിലായിരിക്കും അർജന്റൈൻ നിര ഇറങ്ങുക. ഡി മരിയയ്ക്കും അഗ്യൂറോയ്ക്കും ആദ്യ ഇലവനിൽ ഇടംകിട്ടാനിടയില്ല എന്നാണ് റിപ്പോർട്ട്. ഫ്രാങ്കോ അർമാനി കൊവിഡ് മുക്തനായെങ്കിലും എമിലിയാനോ മാർട്ടിനെസ് തന്നെയായിരിക്കും ഗോൾവലയം കാക്കുക.
സൂപ്പർതാരം അലക്‌സിസ് സാഞ്ചസിന്റെ പരിക്കാണ് ചിലിക്ക് തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായ അൽത്തൂറോ വിദാലിന്റെ സാന്നിധ്യം ചിലിക്ക് ആശ്വാസമാകും. കോപ്പയിൽ ഇതുവരെ ഏറ്റുമുട്ടിയ 28 കളികളിൽ 20ലും ജയം അർജന്റീനയ്‌ക്കായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരെ ഒരിക്കൽ പോലും ചിലിയ്ക്ക് ജയിക്കാനായിട്ടില്ല.