Publish Date: Thu, 30 Sep 2021 (13:08 IST)
Updated Date: Thu, 30 Sep 2021 (13:12 IST)
ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ അവസാന നിമിഷത്തിൽ നേടിയ ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. മത്സരം 1-1 ന് സമനിലയിൽ അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി സമയത്തെ അഞ്ചാം മിനുട്ടിൽ ചെകുത്താന്മാർക്കായി ക്രിസ്റ്റ്യാനോയുടെ വിജയഗോൾ എത്തുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ 90ആം മിനിറ്റിലോ അതിന് ശേഷമോ റൊണാൾഡോ നേടുന്ന 12മാത്തെ കരിയർ ഗോളാണ് ഇത്. റൊണാൾഡോയ്ക്ക് തൊട്ടുപിന്നിലുള്ള ലയണൽ മെസ്സിക്ക് ഇത്തരത്തിൽ 6 ഗോളുകൾ മാത്രമാണുള്ളത്.
മത്സരത്തിൽ 53ആം മിനിറ്റിൽ വിയ്യാറയലിനായി പാക്കോ അൽക്കാസറാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 60ആം മിനിറ്റിൽ ടെല്ലസിലൂടെ മാഞ്ചസ്റ്റർ സമനില പിടിച്ചു. മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രമുള്ളപ്പോളാണ് ചാമ്പ്യൻസ് ലീഗ് സീസണിലെ ആദ്യ ജയത്തിലേക്ക് റൊണാൾഡോ ടീമിനെ കൈപ്പിടിച്ചുയർത്തിയത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യങ് ബോയ്‌സിനെതിരെ യുണൈറ്റഡ് 2-1ന് പരാജയപ്പെട്ടിരുന്നു.