മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. 11 കളികളില്‍ നാല് ജയവും ഏഴ് തോല്‍വിയുമായി എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്. മൂന്ന് കളികള്‍ കൂടി ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത എങ്ങനെയാണ്?
രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറുക ഇനിയല്‍പ്പം ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ വിദൂരമായിട്ടാണെങ്കിലും രാജസ്ഥാന് ചെറിയൊരു സാധ്യതയുണ്ടെന്ന് പറയാം. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഉയര്‍ന്ന നെറ്റ് റണ്‍റേറ്റില്‍ ജയിക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഓരോന്നിലെങ്കിലും തോല്‍ക്കുകയും വേണം. അങ്ങനെ വന്നാല്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് പ്രവേശനം സാധ്യമാകൂ. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, മുംബൈ, പഞ്ചാബ് എന്നിവരെ മറികടക്കാന്‍ രാജസ്ഥാന് കഴിയണം. എന്നാല്‍, രാജസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന് നേരിടാനുള്ളത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, നാലാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെയാണ്.