യൂറോകപ്പ് ആവേശം ഇരട്ടിയാക്കികൊണ്ട് ഇന്ന് കരുത്തരുടെ പോരാട്ടം. പ്രീ ക്വാർട്ടർ ഫൈനലിൽ കിമ്മിച്ചും ക്രൂസും ഗോരെസ്കയും ഹാവെർട്സും ഗുൺഡോഗനും മുള്ളറുമടങ്ങുന്ന ജർമൻ നിര സ്റ്റെർലിംഗ്, ഫോഡൻ, ഹാരി കെയ്‌ൻ എന്നിവരടങ്ങുന്ന ഇംഗ്ലണ്ട് നിരയ്ക്കെതിരെ മൈതാനത്തിലേക്കിറങ്ങുമ്പോൾ തീ പാറുന്ന മറ്റൊരു സൂപ്പർ പോരാട്ടത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
4-2-3-1 ഫോർമേഷനിൽ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ 3-4-2-1 ഫോർമാഷനിലാകും ജമനി ഇറങ്ങുക. പോർച്ചുഗലിനെതിരെ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്ത ജർമൻ നിര അതേ ആവേശം കളിയിൽ നിലനിർത്തിയാൽ ഇംഗ്ലണ്ട് നിരയ്ക്ക് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടേണ്ടി വരും.
ക്രൂസും കിമ്മിച്ചും ഹാവെർട്‌സും അടങ്ങുന്ന ശക്തമായ പരിചയസമ്പന്നരുടെ മധ്യനിരയാണ് ജർമനിയുടെ കരുത്തെങ്കിൽ യുവത്വമാണ് ഇംഗ്ലണ്ട് ടീമിന്റെ മുഖമുദ്ര. 1996ലെ യൂറോ കപ്പ് സെമിയിൽ ജർമനിയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്ന അതേ വെംബ്ലിയിൽ മത്സരം നടക്കുമ്പോൾ ഒരു പ്രതികാരത്തിന് കൂടിയാണ് ഇംഗ്ലണ്ട് നിര തയ്യാറെടുക്കുന്നത്.
അതേസമയം ഇന്ന് യൂറോയിൽ നടക്കുന്ന രണ്ടാം പ്രീ ക്വാർട്ടറിൽ സ്വീഡൻ, ഉക്രൈനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക.