യൂറോകപ്പ് 2024ന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ സെമിഫൈനല്‍ ആരെല്ലാമെന്നതിന് വ്യക്തത വന്നിരിക്കുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ വിജയിച്ചുകൊണ്ട് സ്‌പെയിന്‍,ഫ്രാന്‍സ്,നെതര്‍ലന്‍ഡ്‌സ്,ഇംഗ്ലണ്ട് ടീമുകളാണ് സെമിഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സ്‌പെയിനും ഫ്രാന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച രാത്രി 12:30നാണ് മത്സരം. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയാണ് ഫ്രാന്‍സ് സെമിഫൈനല്‍ യോഗ്യത നേടിയത്. അതേസമയം ജര്‍മനിയുമായുള്ള ശക്തമായ പോരാട്ടത്തില്‍ വിജയിച്ചാണ് സ്‌പെയിനിന്റെ വരവ്. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലാണ് ഏറ്റുമുട്ടുക. ബുധനാഴ്ച രാത്രി 12:30നാണ് ഈ മത്സരം. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. അതേസമയം തുര്‍ക്കിയെ കീഴടക്കികൊണ്ടാണ് ഡച്ച് പട സെമിയോഗ്യത നേടിയത്.
ഇതുവരെയുള്ള മത്സരങ്ങളില്‍ നിശ്ചിത സമയത്ത് ഒരൊറ്റ ഗോള്‍ പോലും നേടാനാവാതെയാണ് ഫ്രാന്‍സ് സെമി യോഗ്യത നേടിയിരിക്കുന്നത്. നിലവിലെ ഫോമില്‍ മികച്ച ഫുട്‌ബോള്‍ കളിക്കുന്ന സ്‌പെയിനിനാണ് ഈ മത്സരത്തില്‍ സാധ്യതയധികവും. വിംഗുകളില്‍ കളിക്കുന്ന നിക്കോ വില്ല്യംസ്,ലമീല്‍ യമാല്‍ എന്നിവരാണ് സ്‌പെയിനിന്റെ എഞ്ചിന്‍. വമ്പന്‍ താരങ്ങളുണ്ടെങ്കിലും മികച്ച ഫുട്‌ബോള്‍ കളിക്കാതെയാണ് ഇംഗ്ലണ്ടും സെമിയോഗ്യത സ്വന്തമാക്കിയിരിക്കുന്നത്.