യൂറോ കപ്പ് 2024 മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കാനിരിക്കെ ഇത്തവണ യൂറോകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ ഏതെന്ന് വ്യക്തമാക്കി സൂപ്പര്‍ പരിശീലകനായ ഹൊസെ മൗറീന്യോ. പോര്‍ച്ചുഗല്‍ ടീമാണ് ഇത്തവണ യൂറോ നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്ന് മൗറീന്യോ പറയുന്നു. വളരെയധികം കരുത്തുറ്റതാണ് പോര്‍ച്ചുഗല്‍ ടീമെന്നും പോര്‍ച്ചുഗലിന്റെ ബി ടീമിന് പോലും യൂറോ കിരീടം സ്വന്തമാക്കാനാകുമെന്നും മൗറീന്യോ പറയുന്നു.
പോര്‍ച്ചുഗല്‍,ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്കാണ് മൗറീന്യോ ഏറ്റവുമധികം സാധ്യതകള്‍ കല്‍പ്പിക്കുന്നത്. നിലവില്‍ തുര്‍ക്കിഷ് ക്ലബായ ഫെനര്‍ബാഷെയുടെ പരിശീലകനാണ് ഹൊസെ മൗറീന്യോ. കഴിഞ്ഞ സീസണിനിടയില്‍ റോമയില്‍ നിന്നും പുറത്താക്കപ്പെട്ട മൗറീന്യോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇറ്റാലിയല്‍ ലീഗില്‍ നിന്നും മാറി തുര്‍ക്കിഷ് ലീഗിലേക്ക് ചേക്കേറിയത്. ഭാവിയില്‍ പോര്‍ച്ചുഗല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ ആ അവസരം രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നും മൗറീന്യോ പറഞ്ഞു.