രാജ്യത്ത് തുടരുന്ന പ്രക്ഷോഭങ്ങൾക്കിടയിലും കളിക്കളത്തിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിപ്പിടിക്കുക എന്ന ദുഷ്കരമായ ജോലിയാണ് ഇക്കുറി ഇറാൻ താരങ്ങൾക്കുണ്ടായിരുന്നത്. കഴിഞ്ഞ ലോകകപ്പിൽ മെസ്സിയുടെ അർജൻ്റീനയെ വെള്ളം കുടിപ്പിച്ച ഇറാൻ താരങ്ങൾ ഇക്കുറി ലോകകപ്പിനെത്തിയത് ജീവിതം ദുസ്സഹമായ പ്രക്ഷോഭങ്ങളിൽ കത്തിയെരിയുന്ന രാജ്യത്ത് നിന്നായിരുന്നു.
ഹിജാബിനെതിരെ ലക്ഷക്കണക്കിന് സ്ത്രീകൾ പ്രക്ഷോഭം നടത്തുന്ന പ്രക്ഷോഭകാരികളായ പിടിച്ചുവെയ്ക്കപ്പെടുന്ന പ്രതിഷേധക്കാർ നിരന്തരം അപ്രത്യക്ഷമാകുന്ന ആ രാജ്യത്ത് നിന്നെത്തിയ താരങ്ങൾ ആദ്യ മത്സരം കളിച്ചത് ഉലഞ്ഞ മനസോടെയായിരുന്നു. ദേശീയഗാനത്തിനൊപ്പം ചുണ്ടനക്കാതെ ഇറാനിൽ പ്രതിഷേധിക്കുന്ന തങ്ങളുടെ സഹോദരിമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ താരങ്ങൾ ആദ്യ മത്സരത്തിനിറങ്ങിയത്.
ആദ്യ മത്സരത്തിൽ മൗനം ആചരിച്ച ഇറാൻ ടീം തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയത് രാഷ്ട്രീയമായി തങ്ങളുടെ ചിരവൈരികളായ അമേരിക്കയിൽ നിന്നും. ഇറാൻ സർക്കാറിനെതിരെ പ്രതിഷേധിക്കുകയും അമേരിക്കയുമായി തോൽക്കുകയും ചെയ്ത ഇറാൻ ടീമംഗങ്ങൾ സർക്കാരിൽ നിന്ന് കടുത്ത ഭീഷണിയാണ് ഏറ്റുവാങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റത്തിന് കുടുംബാംഗങ്ങൾ വരെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ഇറാൻ സർക്കാറിൻ്റെ ഭീഷണി.
അതേസമയം അമേരിക്കയ്ക്കെതിരായ ഇറാൻ്റെ പരാജയത്തെ പടക്കം പൊട്ടിച്ചാണ് പ്രതിഷേധക്കാർ ആഘോഷിച്ചത്. തെരുവുകളിൽ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകള്‍ മുഴക്കിയുമാണ് ഇറാനികള്‍ സ്വന്തം രാജ്യത്തിന്‍റെ തോല്‍വിയെ വരവേറ്റത്.