പോളണ്ടിനെതിരെ ഇന്ന് അർജൻ്റീന ഇറങ്ങുമ്പോൾ അർജൻ്റീനയുടെ ആദ്യ ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത. ഇന്ന് പിഴച്ചാൽ ലോകകപ്പിൽ നിന്നും പുറത്താകും എന്നതിനാൽ എതിരാളികളുടെ ശക്തിയും ദൗർബല്യവുമെല്ലാം കണക്കിലെടുത്തുകൊണ്ടാകും ആദ്യ ഇലവനെ സ്കലോണി തയ്യാറാക്കുക. സെൻ്റർ ബാക്ക് സ്ഥാനത്ത് ലിസാൻഡ്റോ മാർട്ടിനസ് ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
ക്രിസ്റ്റ്യൻ റൊമേരോ ആദ്യ ഇലവനിൽ പ്രതിരോധനിരയിൽ ഇടം നേടിയേക്കും. ലിയാൻഡ്രോ പരദെസ് ഗൈഡോ റോഡ്രിഗസിന് പകരം ആദ്യ ഇലവനിലേക്ക് വരാനും സാധ്യതയുണ്ട്. വിങ്ങിൽ മോൻ്റിയേലിന് പകരം മൊളീന മടങ്ങിയെത്തിയേക്കും. മത്സരത്തിൽ പോളണ്ട് കളിക്കാരുടെ ഉയരമാകും അർജൻ്റീനയ്ക്ക് പ്രധാന വെല്ലുവിളി.
ഗ്രൂപ്പ് സിയിൽ മൂന്ന് പോയൻ്റുമായി രണ്ടാം സ്ഥാനത്താണ് അർജൻ്റീന. പോളണ്ടിനെതിരെ സമനില വഴങ്ങിയാൽ സൗദി മെക്സിക്കോ മത്സരഫലമനുസരിച്ചാകും അർജൻ്റീനയുടെ ലോകകപ്പിലെ മുന്നേറ്റം. അർജൻ്റീന സമനില നേടുകയും സൗദി- മെക്സിക്കോ മത്സരം സമനിലയിലാകുകയും ചെയ്താൽ ഗോൾ വ്യത്യാസമാകും കണക്കിലെടുക്കുക.