Kerala Blasters: ഐ.എസ്.എല്‍. സെമി കാണാതെ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്; വിവാദമായി ഛേത്രിയുടെ ഗോള്‍ !
ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല
ബെംഗളൂരു എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ സെമി കാണാതെ പുറത്ത്. നാടകീയ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി സുനില്‍ ഛേത്രിയാണ് വിവാദ ഗോള്‍ നേടിയത്. അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തില്‍ 97-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീ കിക്കിനായി അണിനിരക്കുന്ന സമയത്ത് ഛേത്രി ക്വിക്ക് ഫ്രീ കിക്ക് എടുക്കുകയായിരുന്നു. ഇത് കൃത്യമായി പോസ്റ്റില്‍ ചെന്നുപതിച്ചു.
ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി ഗോള്‍ അനുവദിച്ചു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രതിരോധ താരങ്ങളെ ഫ്രീ കിക്കിനായി അണിനിരത്താന്‍ പോയ സമയത്താണ് ഛേത്രിയുടെ വിവാദ ഗോള്‍. അതിവേഗ ഫ്രീ കിക്കിന് അനുവാദം നല്‍കിയിരുന്നെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും വാദിച്ചു. ഇതോടെ കണ്ടീരവ സ്റ്റേഡിയത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മടക്കിവിളിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് മടങ്ങി വരാന്‍ സമയം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മാച്ച് റഫറി ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു.