ശനിയാഴ്ച നടന്ന പാരീഷ് സെന്റ് ജര്‍മനെതിരായ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് താരം ജമാല്‍ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്. 22കാരനായ താരം പിഎസ്ജിയുടെ പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ഗോളി ഡൊണരുമയും പിഎസ്ജി ഡിഫന്‍ഡര്‍ വില്യം പാച്ചോയുമായും കൂട്ടിയിടിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു ആരാധകരെ നിശബ്ധരാക്കി മാറ്റിയ അപകടം സംഭവിച്ചത്.
ഡിഫന്‍ഡര്‍ വില്യം പാച്ചോയെ കബളിപ്പിച്ച് മുന്നേറാന്‍ മുസിയാല ശ്രമിക്കുന്നതിനിടയില്‍ ഗോളി ഡോണരുമയ്ക്കും വില്യം പാച്ചോയ്ക്കും ഇടയില്‍ താരം കുടുങ്ങിപോവുകയായിരുന്നു. മുസിയാലയുടെ ഇടത് കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കിന്റെ ആഘാതം കണ്ട് ഡൊണരുമ ഞെട്ടിപോകുന്നതും തലയില്‍ കൈവെച്ച് നിലത്തിരിക്കുകയും ചെയ്തത് തന്നെ പരിക്കിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു. പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളം താരത്തിന് വിശ്രമം ആവശ്യം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജര്‍മന്‍ ദേശീയ ടീമിന്റെയും ബയേണ്‍ മ്യൂണിച്ച് ക്ലബിന്റെയും പ്രധാനതാരമാണ് 22 കാരനായ ജമാല്‍ മുസിയാല.