Brazil vs Japan: അടിച്ചവന്റെ അണ്ണാക്ക് അകത്താക്കിയിട്ടുണ്ട്, ബ്രസീലിനെ തകര്‍ത്ത് ജപ്പാന്‍
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ആദ്യ പകുതിയില്‍ 2 ഗോളുകള്‍ നേടി ലീഡ് ചെയ്തിരുന്നു.
ഫുട്‌ബോള്‍ ലോകത്തെ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ഏഷ്യന്‍ പവര്‍ ഹൗസായ ജപ്പാന്‍. അന്താരാഷ്ട്ര സൗഹൃദമത്സരത്തിലാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജപ്പാന്‍ ലാറ്റിനമേരിക്കന്‍ കരുത്തരെ അട്ടിമറിച്ചത്. ഇതാദ്യമായാണ് ബ്രസീലിനെതിരെ ജപ്പാന്‍ വിജയം സ്വന്തമാക്കുന്നത്. ആദ്യപകുതിയില്‍ ബ്രസീല്‍ അനായാസ വിജയം സ്വന്തമാക്കുമെന്ന് തോന്നിച്ചയിടത്ത് നിന്നാണ് രണ്ടാം പകുതിയില്‍ അവിശ്വസനീയമായ പോരാട്ടവീര്യം കാഴ്ചവെച്ച് ജപ്പാന്‍ വിജയിച്ചത്.
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ആദ്യ പകുതിയില്‍ 2 ഗോളുകള്‍ നേടി ലീഡ് ചെയ്തിരുന്നു. ഇതോടെ ബ്രസീല്‍ അനായാസമായ വിജയം സ്വന്തമാക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 3 ഗോളുകള്‍ മടക്കി ജപ്പാന്‍ ബ്രസീലിയന്‍ സാംബാ താളം നിലപ്പിച്ചു. ആദ്യ പകിതിയില്‍ 26,32 മിനിറ്റുകളിലായിരുന്നു ബ്രസീലിന്റെ ഗോളുകള്‍. ഹെന്റിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്.
ആദ്യപകുതിയില്‍ ബ്രസീല്‍ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ജപ്പാന്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.52മത്തെ മിനിറ്റില്‍ തകുമി മിനാമിനോയിയും 62മത്തെ മിനിറ്റില്‍ കെയ്‌റ്റോ നകാമുറ സമനില ഗോളും സ്വന്തമാക്കി. ഫെയ്‌നൂര്‍ദ് താരം അയാസേ ഉയേദയാണ് ബ്രസീലിന് മുകളില്‍ അവസാന ആണിയും അടിച്ചത്.