സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് കിരീടപോരാട്ടം. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഹൈദരാബാദില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനല്‍ മത്സ്‌സരം. കേരളം 8 തവണ ചാമ്പ്യന്മാരായപ്പോള്‍ 32 തവണയാണ് സന്തോഷ് ട്രോഫിയില്‍ ബംഗാള്‍ മുത്തമിട്ടിട്ടുള്ളത്.
യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പടെ ഒറ്റ മത്സരവും തോല്‍ക്കാതെ 35 ഗോള്‍ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. 27 ഗോളുകളാണ് ബംഗാള്‍ നേടിയിട്ടുള്ളത്. ടൂര്‍ണമെന്റില്‍ 11 ഗോളുകള്‍ നേടിയിട്ടുള്ള ബംഗാളിന്റെ റോബി ഹാന്‍സ്ഡയെ പിടിച്ചുകെട്ടുക എന്നതാകും കേരളത്തിന് മുന്നിലുള്ള വെല്ലുവിളി. 8 ഗോള്‍ വീതം നേടിയ നസീബ് റഹ്മാന്‍, മുഹമ്മദ് അജ്‌സല്‍,5 ഗോളുകള്‍ നേടിയ ഇ സജീഷ് എന്നിവരുടെ സ്‌കോറിംഗ് മികവിലാണ് കേരളത്തിന്റെ പ്രതീക്ഷ. സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനലിലെത്തിയത്.