Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളെന്തിനാണ് എംബാപ്പെയെ കുറ്റപ്പെടുത്തുന്നത്? അവന്‍ ശക്തമായി തിരിച്ചുവരും; രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഫ്രഞ്ച് പരിശീലകന്‍

നിങ്ങളെന്തിനാണ് എംബാപ്പെയെ കുറ്റപ്പെടുത്തുന്നത്? അവന്‍ ശക്തമായി തിരിച്ചുവരും; രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഫ്രഞ്ച് പരിശീലകന്‍
, ചൊവ്വ, 29 ജൂണ്‍ 2021 (11:43 IST)
യൂറോ കപ്പ് പ്രി ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് പുറത്തായത് തങ്ങളുടെ ടീം അംഗങ്ങളെ വലിയ രീതിയില്‍ വേദനിപ്പിക്കുന്നതായി ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഒരു താരത്തില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ദെഷാംപ്‌സ് തുറന്നടിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് തോറ്റത്. ഷൂട്ടൗട്ടില്‍ 5-4 നാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം. ഫ്രാന്‍സിന് വേണ്ടി അഞ്ചാമത്തെ കിക്ക് എടുത്തത് കിലിയന്‍ എംബാപ്പെയാണ്. എംബാപ്പെയുടെ നിര്‍ണായക കിക്ക് സ്വിസ് ഗോളി തടയുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആളുകള്‍ എംബാപ്പെയെ ട്രോളിയും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇത്തരം പ്രതികരണങ്ങളോട് ഫ്രഞ്ച് പരിശീലകന്‍ ദെഷാംപ്‌സിന് താല്‍പര്യക്കുറവുണ്ട്. 
 
'പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന കിക്ക് എടുക്കാനുള്ള ഉത്തരവാദിത്തം എംബാപ്പെയ്ക്ക് ആയിരുന്നു. എന്നാല്‍, കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സഹതാരങ്ങള്‍ക്കൊന്നും അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ഞങ്ങളുടെ ടീമിന്റെ കരുത്തിനെ കുറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. വളരെ മികച്ച നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് വേദനിക്കേണ്ടിവന്നു എന്നത് സത്യം തന്നെ. എല്ലാവര്‍ക്കും അതിന്റെ സങ്കടം ഉണ്ട്. എംബാപ്പെ ഈ വേദനയില്‍ നിന്ന് ശക്തമായി തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരാളെ മാത്രം ഈ തോല്‍വിയില്‍ കുറ്റപ്പെടുത്തരുത്,' മത്സരശേഷം ദെഷാംപ്‌സ് പറഞ്ഞു. 

 
അതേസമയം, പെനാല്‍റ്റി പാഴാക്കിയ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ആരാധകരോട് മാപ്പ് ചോദിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സിനെ പരാജയപ്പെടുത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ച് പരിശ്രമങ്ങളും ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, ഫ്രാന്‍സിന് നാല് കിക്കുകള്‍ മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂ. ഫ്രാന്‍സിന് വേണ്ടി അവസാന കിക്ക് എടുത്തത് കിലിയന്‍ എംബാപ്പെയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളി എംബാപ്പെയുടെ ഷോട്ട് തടയുകയായിരുന്നു. 
 
ഈ ദിവസം മറക്കാന്‍ സാധിക്കുന്നില്ലെന്ന് എംബാപ്പെ മത്സരശേഷം പറഞ്ഞു. 'ലക്ഷ്യം കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഞാന്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ടീമിനെ സഹായിക്കുകയായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍, ഞാന്‍ പരാജയപ്പെട്ടു. ഈ രാത്രി ഉറങ്ങാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടും. എന്നാല്‍, ഒരു മത്സരത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ ഇതൊക്കെയാണ്. നിങ്ങളെല്ലാവരും നിരാശരാണെന്ന് എനിക്കറിയാം. നിങ്ങള്‍ ഇതുവരെ നല്‍കിയ എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി. പ്രതിസന്ധികളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് പോരാടുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിജയികളായ സ്വിറ്റ്‌സര്‍ലന്‍ഡിന് എല്ലാവിധ ആശംസകളും,' എംബാപ്പെ പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ രാത്രി ഞാന്‍ ഉറങ്ങാന്‍ പ്രയാസപ്പെടും'; ആരാധകരോട് മാപ്പ് ചോദിച്ച് എംബാപ്പെ