യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് വമ്പൻ മത്സരങ്ങൾ. ഇന്ന് രാത്രി 9:30ന് നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ് നേരിടുക. 12:30ന് നടക്കുന്ന മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് സ്വിറ്റ്‌സർലൻഡിനെ നേരിടും,
ആദ്യമത്സരങ്ങളിൽ കിതച്ചാണ് തുടങ്ങിയതെങ്കിലും അവസാന ലീഗ് മത്സരത്തിൽ അഞ്ച് ഗോളുകൾ അടിച്ചതിന്റെ ആവേശവുമായാണ് സ്പെയിൻ പ്രീ ക്വാർട്ടറിലെത്തുന്നത്. അതേസമയം തങ്ങളുടെ പേരിനൊത്ത പ്രകടനം നടത്താൻ ക്രൊയേഷ്യക്കായിട്ടില്ല. കൊവിഡ് ബാധിതനായ ഇവാൻ പെരിസിച്ചിന്റെ സേവനം ക്രൊയേഷ്യയ്ക്ക് ലഭ്യമാവില്ല.നായകൻ ലൂക്ക മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്, മത്തേയോ കൊവാസിച്ച് എന്നിവരടങ്ങിയ മധ്യനിരയുടെ പ്രകടനമാവും ക്രൊയേഷ്യയുടെ തലവര നിശ്ചയിക്കുക.
അതേസമയം മൊറേനോ, മൊറാട്ട, സറാബിയ എന്നിവരെ ഗോളടിക്കാനും ബുസ്കറ്റ്സ്, പെഡ്രി, കൊക്കെ ത്രയത്തെ പന്തെത്തിക്കാനും നിയോഗിച്ചുകൊണ്ടാകും സ്പെയിൻ എത്തുക. ലോകചാമ്പ്യന്മാരാണെങ്കിലും യൂറോയിൽ ആ വീര്യം ഇതുവരെ പ്രകടമാക്കാൻ ഫ്രാൻസിനായിട്ടില്ല. ഫ്രാൻസ് ജർമനിക്കെതിരെ വീണുകിട്ടിയ ഗോളിൽ കഷ്ടിച്ച് ജയിച്ചപ്പോള്‍ ഹംഗറിയോടും പോർച്ചുഗലിനോടും സമനിലക്കുരുക്കിലായി.
കിലിയന്‍ എംബാപ്പേ, അന്‍റോയിന്‍ ഗ്രീസ്മാൻ, കരീം ബെൻസേമ എന്നിവരടങ്ങുന്ന മുന്നേറ്റനിര അപകടകാരികളാണ്. എന്നാൽ ഷാക്കഷാക്കിരി ജോഡികൾ ഫോമിലേക്കുയർന്നാൽ ഫ്രാൻസിനും കാര്യങ്ങൾ എളുപ്പമാവില്ല.