ബുണ്ടസ് ലീഗില്‍ ഗോളടിവീരനായി ബയേണ്‍ മ്യൂണിക് സ്‌ട്രൈകര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ബുണ്ടസ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കി. ബയേണിനായി 41 ഗോള്‍ നേടിയാണ് താരത്തിന്റെ ചരിത്രനേട്ടം.
ബുണ്ടസ് ലീഗ് 2021 സീസണിലെ അവസാന മത്സരത്തില്‍ ഓസ്ബര്‍ഗിനെ തോല്‍പ്പിച്ച ബയേണ്‍ ജേതാക്കളായി. കലാശപോരാട്ടത്തില്‍ ഗോള്‍ നേടിയാണ് ലെവന്‍ഡോവ്‌സ്‌കി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായത്.
ഇതിഹാസതാരം ഗെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് ലെവന്‍ഡോവ്‌സ്‌കി തകര്‍ത്തത്. അതും 49 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. 1971-72 സീസണിലാണ് മുള്ളര്‍ 40 ഗോള്‍ നേടിയത്. ഓസ്ബര്‍ഗിനെതിരെ ഗോള്‍ നേടിയതോടെ ലെവന്‍ഡോവ്‌സ്‌കിയുടെ സീസണിലെ ഗോളുകളുടെ എണ്ണം 41 ആയി.
ഓസ്ബര്‍ഗിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. 90-ാം മിനിറ്റിലെ ഗോളോടെയാണ് ലെവന്‍ഡോവ്‌സ്‌കി മുള്ളറുടെ റെക്കോര്‍ഡ് മറികടന്നത്.
കിരീട നേട്ടത്തില്‍ ബയേണ്‍ വിജയഗാഥ തുടരുകയാണ്. ബുണ്ടസ് ലീഗിലെ തുടര്‍ച്ചയായ ഒന്‍പതാം കിരീട നേട്ടമാണിത്.