പിഎസ്ജി ജേഴ്‌സിയില്‍ തന്റെ അവസാന മത്സരം കളിച്ച മെസ്സിയെ കൂവി വിളിച്ച് പിഎസ്ജി ആരാധകര്‍. ക്ലെര്‍മോണ്ട് ഫൂട്ടിനെതിരെയായിരുന്നു പിഎസ്ജി ജേഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരം. മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി പരാജയപ്പെട്ടപ്പോള്‍ മെസ്സിക്ക് ഗോളൊന്നും തന്നെ നേടാനായില്ല. കിലിയന്‍ എംബാപ്പെ, മെസ്സിക്കൊപ്പം പിഎസ്ജിക്കായി തന്റെ അവസാന മത്സരം കളിച്ച സെര്‍ജിയോ റാമോസ് എന്നിവരാണ് പിഎസ്ജിക്കായി ഗോളുകള്‍ നേടിയത്.
2 വര്‍ഷക്കാലത്തെ കരാറിലാണ് മെസ്സി 2021ല്‍ പിഎസ്ജിയിലേക്കെത്തിയത്. ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാമെന്ന ഉപാധിയുണ്ടായിരുന്നുവെങ്കിലും ക്ലബില്‍ തുടരേണ്ടതില്ല എന്ന തീരുമാനമാണ് മെസ്സി എടുത്തത്. 2022 ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകിരീടം സ്വന്തമാക്കിയതിനെ പിന്നാലെ പിഎസ്ജി ആരാധകരില്‍ ഒരു വിഭാഗം മെസ്സിക്കെതിരെ തിരിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ നേരത്തെ പുറത്തായതൊടെ ഇത് കടുക്കുകയും മെസ്സിയെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പിഎസ്ജി ആരാധകരില്‍ നിന്നും ഉയരുകയും ചെയ്തിരുന്നു. ഇതാണ് മെസ്സി ക്ലബ് വിടാനുള്ള പ്രധാനകാരണം.
ക്ലെര്‍മോണ്ടിനെതിരായ മത്സരത്തില്‍ മെസ്സിയുടെ പേര് വിളിക്കുന്ന സമയത്ത് കൂവലോടെയാണ് ആരാധകര്‍ താരത്തിന് സ്വീകരണം നല്‍കിയത്. മത്സരം പുരോഗമിക്കവെ എംബാപ്പെ നല്‍കിയ ഒരു അവസരം മെസ്സി പാഴാക്കുകയും ചെയ്തിരുന്നു. അതേസമയം പാരീസ് നഗരത്തോടും ക്ലബിനോടും താന്‍ കടപ്പെട്ടിരിക്കുന്നതായി മെസ്സി പറഞ്ഞു. ക്ലബിന് എല്ലാ വിധ ആശംസകളും നല്‍കുന്നതായും മെസ്സി പറഞ്ഞു. പാരിസ് സെന്റ് ജെര്‍മനിനയി 47 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മെസ്സി 32 ഗോളും 34 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണീല്‍ 20 ഗോളും 21 അസിസ്റ്റും ക്ലബിനായി താരം നേടിയിട്ടുണ്ട്.