രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് യുറുഗ്വെയുടെ ഇത്ഹാസ താരമായ ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വെയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരമാകും യുറുഗ്വെ ജേഴ്‌സിയിലെ തന്റെ അവസാനമത്സരമെന്ന് 37കാരനായ ലൂയിസ് സുവാരസ് അറിയിച്ചു. യുറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍(69) നേടിയ താരമെന്ന റെക്കോര്‍ഡോടെയാണ് താരത്തിന്റെ മടക്കം.
മക്കള്‍ക്ക് മുന്നില്‍ എന്തെങ്കിലും വലിയ നേട്ടങ്ങളോടെ വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എടുത്തുപറയാന്‍ കിരീടനേട്ടങ്ങളില്ലെങ്കിലും വിജയത്തോടെ മടങ്ങുന്നത് സന്തോഷകരമാണെന്നും താരം പറഞ്ഞു. 2007ല്‍ യുറുഗ്വെ സീനിയര്‍ ടീമില്‍ അരങ്ങേറിയ സുവാരസ് 2010ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ യുറുഗ്വെന്‍ ടീമിലും 2011ല്‍ കോപ അമേരിക്ക നേടിയ ടീമിലും അംഗമായിരുന്നു. 17 വര്‍ഷം നീണ്ടുനിന്ന രാജ്യാന്തര കരിയറില്‍ 142 മത്സരങ്ങളില്‍ യുറുഗ്വെന്‍ കുപ്പായമണിഞ്ഞ സുവാരസ് 69 ഗോളുകള്‍ നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച യുറുഗ്വെയിലെ സെന്റിനേറിയ സ്റ്റോഡിയത്തിലാണ് സുവരാസിന്റെ വിടവാങ്ങല്‍ മത്സരം. യൂറോപ്യന്‍ ക്ലവ് ഫുട്‌ബോള്‍ വിട്ട സുവാരസ് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ലയണല്‍മെസ്സിക്കൊപ്പം ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ് തലത്തില്‍ മയാമിയാകും തന്റെ അവസാന ക്ലബെന്ന് സുവാരസ് നേരത്തെ വ്യക്തമാക്കിയിരുന്നു.