കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അവസാന വിസില്‍ മുഴങ്ങിയതും മെസി കരയാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ അര്‍ജന്റീന ഫുട്‌ബോള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. റഫറി അവസാന ലോങ് വിസില്‍ മുഴക്കിയതും മെസി മുട്ടുകുത്തി നിന്ന് മുഖം പൊത്തുകയായിരുന്നു. പിന്നീട് കരഞ്ഞു തുടങ്ങി. കളിക്കളത്തില്‍ ഉണ്ടായിരുന്ന എല്ലാ അര്‍ജന്റീന ടീം അംഗങ്ങളും മെസിക്ക് ചുറ്റും ഓടിക്കൂടി. മെസിയെ വാരി പുണര്‍ന്നു. സഹതാരങ്ങളും സന്തോഷത്താല്‍ കരയുകയായിരുന്നു. എല്ലാ താരങ്ങളെയും വാരിപുണര്‍ന്ന് മെസിയും പൊട്ടിക്കരയുകയായിരുന്നു.
കപ്പിനും ചുണ്ടിനുമിടയില്‍ നാല് തോല്‍വികള്‍. അഞ്ചാമത്തെ കിരീട പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ അര്‍ജന്റീന ആരാധകര്‍ വലിയ ടെന്‍ഷനിലായിരുന്നു. ഒടുവില്‍ മെസിയും കൂട്ടരും അത് സാധ്യമാക്കി. ഫൈനല്‍ തോല്‍വി ചരിത്രം ആവര്‍ത്തിച്ചില്ല.
അര്‍ജന്റീനയ്ക്ക് വേണ്ടി മെസി നേരത്തെ നാല് ഫൈനല്‍ കളിച്ചിരുന്നു. മൂന്ന് കോപ്പ അമേരിക്ക ഫൈനലും ഒരു ലോകകപ്പ് ഫൈനലും. നാലിലും തോല്‍വി വഴങ്ങി. ഇതില്‍ 2014 ലോകകപ്പ് ഫൈനലിലേക്കും 2016 കോപ്പ അമേരിക്ക ഫൈനലിലേക്കും ടീമിനെ മുന്നില്‍ നിന്നു നയിച്ചത് മെസിയാണ്. പലപ്പോഴും മെസിയുടെ ഒറ്റയാള്‍ പ്രകടനത്തിലേറിയാണ് അര്‍ജന്റീന കുതിച്ചത്. എന്നാല്‍, ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ അത് മാറ്റിയെഴുതി. അതുകൊണ്ട് തന്നെയാണ് കിരീടം ഏറ്റുവാങ്ങിയപ്പോള്‍ മെസി അത്രമേല്‍ വികാരം കൊണ്ടത്.
ഒരു കുഞ്ഞിനെ തലോലിക്കും പോലെയാണ് നായകന്‍ മെസി കിരീടം ഏറ്റുവാങ്ങിയത്. കിരീടവുമായി ടീമിനടുത്തേക്ക് എത്തിയതും ഒരു കുസൃതിക്കാരനായ കുട്ടിയെ പോലെ.