Publish Date: Wed, 21 Dec 2022 (10:52 IST)
Updated Date: Wed, 21 Dec 2022 (10:58 IST)
ലോകകപ്പ് നേടിയ അര്‍ജന്റീന താരങ്ങളെ കാണാന്‍ രാജ്യതലസ്ഥാനത്ത് തിങ്ങികൂടിയത് 40 ലക്ഷത്തോളം പേര്‍. അര്‍ജന്റീനയിലെ ബ്യൂണസ് എരീസില്‍ ഓപ്പണ്‍ ബസിലാണ് ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്തു കടന്നുപോയത്. എന്നാല്‍ ആരാധകരുടെ തിക്കും തിരക്കും കൂടിയതോടെ പദ്ധതികള്‍ എല്ലാം പാളി.
ബ്യൂണസ് എരീസിലെ പാലത്തിനു മുകളില്‍ നിന്ന് നൂറുകണക്കിനു ആളുകള്‍ താരങ്ങള്‍ സഞ്ചരിക്കുന്ന ബസിലേക്ക് ചാടി കയറി. ഉടനെ തന്നെ മെസി അടക്കമുള്ള താരങ്ങളെ ഹെലികോപ്റ്ററിലേക്ക് മാറ്റി. സുരക്ഷ മുന്‍നിര്‍ത്തിയാണ് താരങ്ങളെ ഓപ്പണ്‍ ബസില്‍ നിന്ന് മാറ്റിയത്. ബ്യൂണസിലെ സ്തൂപത്തില്‍ കാത്തുനിന്ന ആരാധകരുടെ അടുത്തേക്ക് ഓപ്പണ്‍ ബസില്‍ എത്താന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.
അര്‍ജന്റീന താരങ്ങളുടെ വരവ് പ്രതീക്ഷിച്ച് പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് ബ്യൂണസ് എരീസില്‍ അനുഭവപ്പെട്ടത്. സ്ത്രീകള്‍ അടക്കം വഴിയിലെ പോസ്റ്റുകളില്‍ കയറിനിന്നാണ് താരങ്ങളെ അഭിവാദ്യം ചെയ്തത്.