'അവനെ എന്റെ കണ്‍മുന്നില്‍ കാണാതിരിക്കട്ടെ'; മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍
തറയില്‍ കിടക്കുന്നത് മെക്‌സിക്കോയുടെ പതാകയാണോ ജേഴ്‌സിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കെതിരെ ഭീഷണി മുഴക്കി മെക്‌സിക്കോ ബോക്‌സിങ് താരം കാനെലോ അല്‍വാരസ്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച ശേഷം അര്‍ജന്റൈന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ വിജയാഘോഷം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ മെക്‌സിക്കന്‍ ജേഴ്‌സിക്ക് സമാനമായ തുണിയില്‍ മെസി ചവിട്ടിയെന്നാണ് ആരോപണം. തങ്ങളുടെ പതാകയെ മെസി അവഹേളിച്ചു എന്നാണ് ബോക്‌സര്‍ കാനെലോ ആരോപിക്കുന്നത്.
തറയില്‍ കിടക്കുന്നത് മെക്‌സിക്കോയുടെ പതാകയാണോ ജേഴ്‌സിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ മെസിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കാനെലോ പ്രതികരിച്ചിരിക്കുന്നത്.
' ഞങ്ങളുടെ ജേഴ്‌സിയോ പതാകയോ കൊണ്ട് മെസി തറ തുടയ്ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ? ഞാനുമായി കണ്ടുമുട്ടാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണ് മെസിക്ക് നല്ലത്. ഞങ്ങള്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്നതുപോലെ തിരിച്ച് മെക്‌സിക്കോയേയും അദ്ദേഹം ബഹുമാനിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുകയല്ല. മറിച്ച് മെസി ചെയ്ത വൃത്തികേട് ചൂണ്ടിക്കാട്ടുകയാണ്' കാനെലോ പറഞ്ഞു.
മെസി ബൂട്ട് കൊണ്ട് മനപ്പൂര്‍വ്വം മെക്‌സിക്കന്‍ ജേഴ്‌സിയില്‍ തട്ടുകയാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ബൂട്ട് അഴിക്കുന്നതിനിടെ കാല്‍ തട്ടിയതാണെന്നാണ് മെസിയെ പിന്തുണച്ച് ഒരു വിഭാഗം വാദിക്കുന്നത്.