ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 2023 സീസണിലെ ആദ്യമത്സരത്തില്‍ സൂപ്പര്‍ താരമായ സഹല്‍ അബ്ദുള്‍ സമദ് ഇല്ലാതെയാണ് ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. 2017ല്‍ യുവതാരമായി കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരം കഴിഞ്ഞ സീസണ്‍ അവസാനിച്ചതോടെയാണ് എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയത്. താരത്തിന്റെ അസ്സാന്നിധ്യം പക്ഷേ ഇന്നലെ ബെംഗളുരു എഫ്‌സിക്കെതിരായ മത്സരത്തില്‍ പ്രകടമായില്ല. മൊഹമ്മദ് അയ്മന്‍ എന്ന യുവതാരത്തിന്റെ മികവായിരുന്നു അതിന് കാരണം.
ലക്ഷദ്വീപില്‍ നിന്നുള്ള യുവതാരം ബ്ലാസ്‌റ്റേഴ്‌സ് യൂത്ത് ടീമിനായുള്ള മികച്ച പ്രകടനത്തിന്റെയും പ്രീ സീസണ്‍ മത്സരങ്ങളിലെ മികവിന്റെയും ബലത്തിലാണ് സീനിയര്‍ ടീമില്‍ നേടിയത്. പരിശീലകര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ ന്യായീകരിക്കുന്നതായിരുന്നു അയ്മന്റെ ഇന്നലത്തെ പ്രകടനം. മത്സരത്തില്‍ 70 മിനിറ്റിലധികം കളിച്ച അയ്മന്‍ വിങ്ങിലാണ് കളിച്ചത്. തന്റെ പന്തടക്കം കൊണ്ടും ഡ്രിബ്ലിങ് മികവ് കൊണ്ടും എതിരാളികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ അയ്മന് സാധിച്ചു. കളിക്കളത്തില്‍ നിന്നും താരത്തെ പിന്‍വലിക്കുമ്പോള്‍ നിറഞ്ഞ കൈയടികളോട് കൂടിയാണ് ആരാധകര്‍ താരത്തെ തിരിച്ചയച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇത്രയും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് അയ്മന് ഈ ക്ലബില്‍ വലിയ ഭാവിയുണ്ടെന്ന് വ്യക്തമാക്കുന്നതായി ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകനായ ഫ്രാങ്ക് ഡോവന്‍ പറഞ്ഞു. മികച്ച വിങ്ങറായ അയ്മന് വൈഡ് പൊസിഷനുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 20 വയസ്സാണ് താരത്തിനുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന്റെ അണ്ടര്‍ 15 ടീമിലൂടെയാണ് അയ്മന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടക്കമിട്ടത്. താരത്തിന്റെ ഇരട്ടസഹോദരനായ മൊഹമ്മദ് അസ്ഹറും ബ്ലാസ്‌റ്റേഴ്‌സ് താരമാണ്.