Publish Date: Thu, 03 Dec 2020 (19:42 IST)
Updated Date: Thu, 03 Dec 2020 (19:43 IST)
ബാഴ്‌സലോണയുടെ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമെന്ന് നെയ്‌മർ. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസറ്റര്‍ യുണൈറ്റഡിനെതിരെ ഇരട്ടഗോളിലൂടെ പിഎസ്ജിക്ക് ജയം സമ്മാനിച്ചതിന് പിന്നാലെയാണ് നെയ്‌മർ മനസ്സ് തുറന്നത്.
മെസിക്കൊപ്പം വീണ്ടും കളിക്കണമെന്നാണ് ആഗ്രഹം. കളിക്കളത്തിലെ മികവ് ഒന്നിച്ചാസ്വദിക്കുന്നത് അടുത്ത വർഷം തന്നെ സാധ്യമാകണം. ആവശ്യമെങ്കിൽ എന്റെ സ്ഥാനം മെസിക്ക് വിട്ടുകൊടുക്കാനും ഞാൻ ഒരുക്കമാണ് ഇഎസ്‌പിഎന്‍ ചാനലിന് നല്‍കിയ അഭിനുഖത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം പറഞ്ഞു. ഇതോടെ അടുത്ത താരക്കൈമാറ്റം നിർണായകമാകും.
2013 മുതല്‍ 2017 വരെ മെസിക്കൊപ്പം ബാഴ്സലോണയില്‍ കളിച്ച നെയ്മര്‍ മെസിക്കൊപ്പം മികച്ച ഫുട്ബോൾ നിമിഷങ്ങളാണ് ആരാധകർക്ക് സമ്മാനിച്ചത്. ഇവർക്കൊപ്പം സുവാരസ് കൂടി ചേർന്നതോടെ എംഎസ്എന്‍ ത്രയം ലോകഫുട്ബോളിനെ വിറപ്പിക്കുന്ന കൂട്ടുകെട്ടായി മാറുകയും ചെയ്‌തിരുന്നു.
നെയ്‌മർ ആഗ്രഹം പ്രകടിപ്പിച്ചതോടെ നെയ്മറുടെ പിഎസ്ജിയിലേക്ക് മെസി പോകുമോ അതോ ബാഴ്സയിലേക്ക് നെയ്മര്‍ തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ക്കർക്കിടയിലെ ചോദ്യം. അതേസമയം മെസി ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഉറ്റസുഹൃത്തായ നെയ്മറുടെ ക്ഷണം സ്വീകരിച്ച് പാരിസിലേക്കുള്ള കൂടുമാറ്റവും തള്ളിക്കളയാൻ പറ്റുന്നതല്ല.പിഎസ്ജി പരിശീലകന്‍ തോമസ് ടച്ചലും ബാഴ്സ സൂപ്പര്‍താരത്തെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തിരുന്നു.