അർജൻ്റൈൻ സൂപ്പർ താരം സൗദിയിലേക്കെന്ന് റിപ്പോർട്ടുകൾ. അൽ ഹിലാലുമായി താരം കരാർ ഒപ്പിട്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയാണ് റിപ്പോർട്ട് ചെയ്തത്. പിഎസ്ജിയുമായി ഈ സീസണിൽ മെസ്സിയുടെ കരാർ അവസാനിക്കും. ക്ലബിൽ തുടരാൻ താരത്തിന് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ കൂടിയായ മെസ്സി സൗദിയിൽ പര്യടനം നടത്തിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് പിഎസ്ജി താരത്തെ സസ്പെൻഡ് ചെയ്യുകയും സംഭവത്തിൽ മെസ്സി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ മെസ്സി സൗദിയിലെത്തുമെന്ന വാർത്തകൾ സജീവമാണ്. സൗദി പ്രോ മീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിൻ്റെ ചിരവൈരികളാണ് അൽ ഹിലാൽ ക്ലബ്
എന്നാൽ ഈ വാർത്തകളിൽ സത്യമില്ലെന്ന് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് റൊമാനോ വ്യക്തമാക്കുന്നു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ സീസണിൻ്റെ അവസാനത്തോട് കൂടി മാത്രമെ മെസ്സി ട്രാൻസ്ഫർ കാര്യങ്ങൾ പരിഗണിക്കു എന്നാണ് അറിയുന്നത്. താരത്തിനായി മുൻ ക്ലബായ ബാഴ്സലോണയും സജീവമായി രംഗത്തുണ്ട്.