ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റോണാള്‍ഡോ. സമകാലീകരായ താരങ്ങളില്‍ മെസ്സിയുമായി റോണാള്‍ഡോ എപ്പോഴും താരതമ്യം ചെയ്യപ്പെടാറുണ്ട്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിലേക്ക് വരുമ്പോഴും പലപ്പോഴും റോണാള്‍ഡോയുടെ പേരും കടന്നുവരാറുണ്ട്. ഇപ്പോഴിതാ ഫുട്‌ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആരാണെന്ന് റോണാള്‍ഡോ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ താനാണെന്ന കാര്യം റൊണാള്‍ഡോ വ്യക്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കമ്പ്‌ലീറ്റായുള്ള കളിക്കാരന്‍ ഞാനാണെന്നാണ് കരുതുന്നത്. ആളുകള്‍ക്ക് മെസ്സി, മറഡോണ, പെലെ എന്നിവരെ ഇഷ്ടമായിരിക്കാം. ഞാനതിനെ ബഹുമാനിക്കുന്നു. എന്നാല്‍ ഏറ്റവും പൂര്‍ണ്ണതയുള്ള കളിക്കാരന്‍ അത് ഞാന്‍ തന്നെയാണ്. എന്നെക്കാള്‍ നന്നായി കളിക്കുന്ന മറ്റൊരാളെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടില്ല. റൊണാള്‍ഡോ പറഞ്ഞു.
ഫുട്‌ബോളില്‍ എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യാന്‍ സാധിക്കും. എന്റെ ഹെഡ് ഉപയോഗിച്ച് കളിക്കാനാകും. കിക്കുകള്‍ എടുക്കുന്നതിലും എനിക്ക് മിടുക്കുണ്ട്. ഇടതുകാലും വലതുകാലും ഒരുപോലെ ശക്തമാണ്.റോണാള്‍ഡോ പറഞ്ഞു. അതേസമയം മെസ്സിയുമായി ആളുകള്‍ കരുതുന്ന പോലെ മോശമായ ബന്ധമല്ല തനിക്കുള്ളതെന്നും റൊണാള്‍ഡോ പറഞ്ഞു.