ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കരിയറിന്റെ അവസാനഘട്ടങ്ങളിലാണെങ്കിലും അര്‍ജന്റീനന്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി നിരവധി യുവതാരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. യൂറോപ്യന്‍ ടീമില്‍ കളിക്കുന്ന വമ്പന്‍ താരങ്ങളില്‍ പലരും അര്‍ജന്റൈന്‍ താരങ്ങളാണ്. എന്‍സോ ഫെര്‍ണാണ്ടസ്,മക് അലിസ്റ്റര്‍, ഹൂലിയന്‍ ആല്‍വാരസ് തുടങ്ങി പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും ലയണല്‍ മെസ്സിയുടെ പിന്‍ഗാമി എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുന്നത് അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീം നായകനായ ക്ലൗഡിയോ എച്ചവേരിയാണ്.
ഇക്കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പിലെ താരോദയമായി മാറിയ താരത്തിന് പിന്നാലെയാണ് യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം തന്നെ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ താരം അഞ്ച് ഗോളുകളാണ് ലോകകപ്പില്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി,റയല്‍ മാഡ്രിഡ്,അത്‌ലറ്റികോ മാഡ്രിഡ്, എ സി മിലാന്‍,പിഎസ്ജി,ബെന്‍ഫിക്ക ടീമുകളാണ് താരത്തെ ടീമിലെത്തിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം മെസ്സിയുടെ വഴി തന്നെ പിന്തുടര്‍ന്ന് ബാഴ്‌സലോണയിലെത്താനാണ് താരത്തിന് ആഗ്രഹം. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ ഓഫറുകള്‍ താരത്തിന് നല്‍കാന്‍ ബാഴ്‌സയ്ക്കാവില്ല.
അതിനാല്‍ തന്നെ മുന്‍ ബാഴ്‌സലോണ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ താരമെത്താന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ സീസണില്‍ റിവര്‍പ്ലേറ്റില്‍ നിന്ന് ഹൂലിയന്‍ ആല്‍വാരസിനെ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവില്‍ റിവര്‍പ്ലേറ്റിലാണ് എചവേറി കളിക്കുന്നത്. സമീപഭാവിയില്‍ തന്നെ താരം സീനിയര്‍ ടീമില്‍ കളിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.