2024ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക് നല്‍കിയതില്‍ വിവാദം. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്‌പെയിനിനായി യൂറോകപ്പിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് റോഡ്രിയെ പുരസ്‌കാരത്തിന് ആര്‍ഹനാക്കിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹത റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനായിരുന്നുവെന്നും പുരസ്‌കാരം വിനീഷ്യസില്‍ നിന്നും തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും ഒരു വിഭാഗം ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നു.
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് തൊട്ട് മുന്‍പ് വരെ വിനീഷ്യസ് ജൂനിയറിനായിരുന്നു പുരസ്‌കാരത്തിനായി ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ അവസാനനിമിഷം വിനീഷ്യസ് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ സമ്മാനദാനചടങ്ങില്‍ വിനീഷ്യസ് പങ്കെടുത്തിരുന്നില്ല. വിനീഷ്യസിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് റയല്‍ മാഡ്രിഡ് താരങ്ങളാരും തന്നെ പുരസ്‌കാരദാന ചടങ്ങില്‍ എത്തിയില്ല.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പ്രകടനമായിരുന്നു വിനീഷ്യസ് ജൂനിയര്‍ നടത്തിയത്. കൂടാതെ ലാലിഗ ട്രോഫിയും റയലിന് നേടികൊടുക്കാന്‍ വിനീഷ്യസിനായിരുന്നു. എന്നാല്‍ അവസാന നിമിഷം താരത്തെ തഴയുകയായിരുന്നു. ഇതിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് താരങ്ങള്‍ എല്ലാവരും തന്നെ ചടങ്ങ് ബഹിഷ്‌കരിച്ചത്.