'അവരുടെ ഡാന്‍സ് കളി അത്ര ശരിയല്ല'; ബ്രസീലിനെ വിമര്‍ശിച്ച് റോയ് കീന്‍
ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിലും ബ്രസീല്‍ തങ്ങളുടെ ഗോള്‍ നേട്ടം ആഘോഷിച്ചത് നൃത്തം ചെയ്തുകൊണ്ടാണ്
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഓരോ ഗോള്‍ നേടിയ ശേഷവും ബ്രസീല്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നടത്തുന്ന ആഘോഷം ഏറെ ശ്രദ്ധേയമാണ്. താരങ്ങള്‍ എല്ലാവരും ചേര്‍ന്ന് നൃത്തം ചെയ്യുകയാണ് പതിവ്. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിലും ബ്രസീല്‍ തങ്ങളുടെ ഗോള്‍ നേട്ടം ആഘോഷിച്ചത് നൃത്തം ചെയ്തുകൊണ്ടാണ്. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്തവരും ഉണ്ട്. അതിലൊരാളാണ് മുന്‍ ഫുട്‌ബോള്‍ താരം റോയ് കീന്‍. എതിര്‍ ടീമിനോടുള്ള ബഹുമാനക്കുറവാണ് ബ്രസീല്‍ ഗ്രൗണ്ടില്‍ കാണിക്കുന്നതെന്ന് റോയ് കീന്‍ പ്രതികരിച്ചു.
' എനിക്ക് അവരുടെ ഡാന്‍സ് ഇഷ്ടപ്പെടുന്നില്ല. എനിക്ക് തോന്നുന്നു ഇത് എതിര്‍ ടീമിനോടുള്ള ബഹുമാനക്കുറവ് ആണെന്ന്. ദക്ഷിണ കൊറിയയ്‌ക്കെതിരെ നാല് ഗോളുകള്‍ അടിച്ചു. ഓരോ ഗോളുകള്‍ കഴിഞ്ഞപ്പോഴും അവര്‍ ഡാന്‍സ് കളിച്ചു ആഘോഷിച്ചു. അതില്‍ ഞാന്‍ സന്തുഷ്ടനല്ല. അതൊരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല,' റോയ് കീന്‍ പറഞ്ഞു.