മികച്ച പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല പലപ്പോഴും സൗന്ദര്യം കൊണ്ടും കായികതാരങ്ങൾക്ക് ആരാധകർ ഉണ്ടാകാറുണ്ട്. സൗന്ദര്യത്തിനൊപ്പം കളിമികവും ഒത്തുചേർന്ന ഡേവിഡ് ബെക്കാം, കക്ക, മിറോസ്ലോവ് ക്ലോസെ തുടങ്ങിയ താരങ്ങൾക്ക് വലിയ രീതിയിൽ സ്ത്രീ ആരാധകരുണ്ടായിരുന്നു. ഇത്തരത്തിൽ സ്ത്രീകളുടെ ഹൃദയത്തിൽ ചേക്കേറിയിരിക്കുകയാണ് ദക്ഷിണക്കൊറിയയുടെ 24കാരൻ സ്ട്രൈക്കർ ചോ ഗ്യൂ സങ്.
ഖത്തർ ലോകകപ്പിനെത്തുമ്പോൾ വെറും 20,000 ഇൻസ്റ്റാ ഫോളോവേഴ്സുണ്ടായിരുന്ന താരത്തെ ഇപ്പോൾ ഫോളോ ചെയ്യുന്നത് 18 ലക്ഷം പേരാണ്. ഇതിൽ ഏറിയ പങ്കും പെൺകുട്ടികളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ആയിരക്കണക്കിന് സന്ദേശങ്ങളാണ് ദിവസം ലഭിക്കുന്നത്. ഇതോടെ ഫോൺ ഓഫ് ചെയ്ത് വെയ്ക്കേണ്ട ഗതികേടിലായി താരം. ഘാനയെക്കെതിരായ മത്സരത്തിൽ 2 ഗോളുകൾ കൂടി നേടാനായതോടെയാണ് ഇൻസ്റ്റാ അക്കൗണ്ടിലേക്ക് ആരാധകരുടെ പ്രവാഹമുണ്ടായത്.