വീണ്ടുമൊരു ഫുട്ബോൾ ലോകകപ്പ് സെമിയ്ക്ക് തിരിതെളിയുമ്പോൾ രണ്ട് ഇതിഹാസതാരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഖത്തറിന്ന് സാക്ഷ്യം വഹിക്കുന്നത്. ക്രൊയേഷ്യയുടെ മിഡ് ഫീൽഡ് ജനറലായ ലൂക്ക മോഡ്രിച്ചിനും അർജൻ്റീനയുറ്റെ ഇതിഹാസതാരമായ ലയണൽ മെസ്സിക്കും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ്.
അർജൻ്റീനയെ മറ്റ് ടീമുകളിൽ നിണ്ണ് വേർതിരിക്കുന്നത് മെസ്സിയുടെ സാന്നിധ്യമാണെങ്കിൽ ക്രൊയേഷ്യ കറങ്ങുന്നത് ലൂക്ക മോഡ്രിച്ചിന് ചുറ്റുമാണ്. യുദ്ധസമാനമായ സെമി പോരാട്ടത്തിൽ ഇറങ്ങുമ്പോൾ ലൂക്കയ്ക്ക് കരുത്താകുന്നത് താൻ നടന്ന് വന്ന വഴിയാണ്. ജീവിതത്തിൻ്റെ തീചൂളയിൽ നിന്നും ഉയർന്നുവന്ന ലൂക്കയ്ക്ക് ലോകകപ്പ് സമ്മർദ്ദം ഉണ്ടാക്കില്ലെന്ന് തീർച്ച.
1985 സെപ്റ്റംബർ 9ന് ക്രൊയേഷ്യയിലെ സദർ പട്ടണത്തിലാണ് കുഞ്ഞുലൂക്കയുടെ ജനനം. അന്നത് യൂഗോസ്ലോവിയയുടെ ഭാഗമായ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ക്രൂയേഷ്യയായിരുന്നു. പിന്നീട് 1991ൽ നടന്ന സ്വാതന്ത്ര്യ സമരത്തിലൂടെയാണ് ക്രൊയേഷ്യ യുഗോസ്ലാവിയയുടെ ഭാഗം എന്നതിൽ നിന്നും മാറി സ്വതന്ത്ര്യ രാജ്യമാകുന്നത്. യുദ്ധവും അസ്ഥിരതയും നിറഞ്ഞുനിന്ന ഈ സമയത്തായിരുന്നു ലൂക്ക മോഡ്രിച്ച് എന്ന കുഞ്ഞു ലൂക്കയുടെ ജനനം.
1991ലെ സ്വാതന്ത്ര്യസമരത്തിൽ കുടുംബത്തോടെ നാട് വിടേണ്ടതായി വന്നു ലൂക്കയുടെ കുടുംബത്തിന്. സെർബിയൻ വിപ്ലവകാരികൾ ഇതിനിടയിൽ ലൂക്കയുടെ മുത്തച്ഛനെ കൊലപ്പെടുത്തുകയും അവർ ജീവിച്ച വീടി്ന് തീ വെയ്ക്കുകയും ചെയ്തു. തൻ്റെ ഏഴാം വയസിൽ ലൂക്ക ഇതോടെ അഭയാർഥിയായി മാറി. ദുരിതപൂർണ്ണമായിരുന്നു ജീവിതം. യുദ്ധത്തിൻ്റെ ഭീകരതകളിൽ നിന്നുള്ള ആശ്വാസമായാണ് കുഞ്ഞുലൂക്ക പന്ത് തട്ടി തുടങ്ങിയത്.
തന്നെ ഇന്ന് കാണുന്ന താൻ ആക്കി മാറ്റിയതിൽ ഈ കഠിനമായ കാലത്തിൻ്റെ അനുഭവമാണെന്ന് ലൂക്ക മോഡ്രിച്ച് പിന്നീട് പറയുന്നു.1992ൽ സ്പോർട്ടിംഗ് അക്കാദമിയിൽ ചേർന്ന ലൂക്കയ്ക്ക് ചെറുതായി പ്രതിഫലം കിട്ടി തുടങ്ങി. ഫ്രാൻസിസ്കോ ടോട്ടിയായിരുന്നു ലൂക്കയുടെ പ്രചോദനം. 16 വയസുള്ളപ്പോൾ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാക്രബിലെ പ്രക്ടനം ലൂക്കയെ ശ്രദ്ധേയനാക്കി. തുടർന്നാണ് 2008ൽ താരം ടോട്ടന്നം ഹോട്ട്സ്പറിലേക്ക് എത്തുന്നത്.
2008-10 കാലത്ത് കാര്യമായ പ്രകടനങ്ങൾ പരിക്ക് കാരണം നടത്താൻ മോഡ്രിച്ചിനായില്ല. എന്നാൽ 2010-12 കാലത്ത് ടോട്ടന്നത്തിനായി താരം മികച്ച പ്രകടനം കാഴ്ചവെച്ചു. 2012ൽ റയൽ മാഡ്രിഡിലെത്തുന്നതോടെയാണ് ലൂക്ക മോഡ്രിച്ചിൻ്റെ കാലം തെളിയുന്നത്. മൊറീന്യോയുടെ കീഴിൽ കാര്യമായി അവസരം ലഭിച്ചില്ലെങ്കിലും ആഞ്ചലോട്ടി റയലിൻ്റെ പുതിയ പരിശീലകനായി എത്തിയതൊടെ മോഡ്രിച്ചിൻ്റെ കാലം തെളിഞ്ഞു.
സിനദിൻ സിദാൻ പരിശീലകനായി ചുമതലയേറ്റപ്പോഴും ലൂക്ക മോഡ്രിച്ച് ടീമിലെ പ്രധാനതാരമായി തുടർന്ന്. 2018ൽ ഫിഫ ഫുട്ബോളർ ഓഫ് ദ ഇയറും ബാലൻ ഡി ഓർ പുരസ്കാരവും മോഡ്രിച്ച് സ്വന്തമാക്കി. 2018ലെ ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിക്കാനും മോഡ്രിച്ചിന് സാധിച്ചു. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതുമാണ് മോഡ്രിച്ചിൻ്റെ കരിയറിലെ പ്രധാനനേട്ടങ്ങൾ.