Brazil, Copa America,Uruguay
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ കാണാതെ ബ്രസീല്‍ പുറത്ത്. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ഉറുഗ്വെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2നാണ് ബ്രസീല്‍ പരാജയപ്പെട്ടത്.
ടൂര്‍ണമെന്റിലെ മികച്ച ടീമുകളില്‍ ഒന്നായ ഉറുഗ്വേയ്‌ക്കെതിരെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 60 ശതമാനവും പന്ത് കൈവശം വെയ്ക്കാന്‍ സാധിച്ചിട്ടും പല മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചിട്ടും ഫിനിഷിംഗിലെ മികവ് കൈമോശം വന്നതാണ് ബ്രസീലിന് തിരിച്ചടിയായത്. മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നീങ്ങിയതോടെ ഉറുഗ്വെ എടുത്ത ആദ്യ ക്രിക്ക് തന്നെ അവര്‍ ഗോളാക്കി മാറ്റി എന്നാല്‍ മിലിറ്റാവോ എടുത്ത ബ്രസീലിന്റെ ഷോട്ട് ഉറുഗ്വെ ഗോളി തടഞ്ഞിട്ടതോടെ മത്സരം ഉറുഗ്വെയ്ക്ക് അനുകൂലമായി തിരിഞ്ഞു.
ബ്രസീലിന് വേണ്ടി ആന്‍ഡ്രിയാസ് പെരേര,ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. അതേസമയം ഷൂട്ടൗട്ടില്‍ ഉറുഗ്വെയ്ക്കായി ഷൂട്ട് എടുത്ത ഫെഡറിക്കോ വാല്‍വര്‍ദേ, റോഡ്രിഗോ ബെന്റിങ്കൂര്‍,ജോര്‍ജിയന്‍ ഡി അറാസ്‌കോയേട്ട, മാനുവല്‍ ഉഗാര്‍ട്ടെ എന്നിവര്‍ ലക്ഷ്യം കണ്ടു. കൊളംബിയയാണ് സെമിഫൈനലില്‍ ഉറുഗ്വെയുടെ എതിരാളികള്‍.