25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം
ഉയരം ഒരുപോലെ തുടരുമെന്ന് വിശ്വസിച്ചാണ് നമ്മളില്‍ മിക്കവരും വളര്‍ന്നത്. ഈ വിശ്വാസം പൂര്‍ണ്ണമായും തെറ്റല്ല.
പ്രായപൂര്‍ത്തിയായാല്‍ ജീവിതകാലം മുഴുവന്‍ ഉയരം ഒരുപോലെ തുടരുമെന്ന് വിശ്വസിച്ചാണ് നമ്മളില്‍ മിക്കവരും വളര്‍ന്നത്. ഈ വിശ്വാസം പൂര്‍ണ്ണമായും തെറ്റല്ല. നമ്മുടെ നീണ്ട അസ്ഥികള്‍ക്ക് ഫിസിസ് എന്നറിയപ്പെടുന്ന വളര്‍ച്ചാ ഫലകങ്ങള്‍ ഉണ്ട്. ഇത് പ്രായപൂര്‍ത്തിയായതിനുശേഷം അതായത് 18-21 വയസ്സ് ആകുമ്പോഴേക്കും സംയോജിക്കുന്നു. ഇങ്ങനെ സംയോജിച്ചാല്‍ സ്വാഭാവിക അസ്ഥി വളര്‍ച്ച നിലയ്ക്കും. അതായത് കുട്ടികള്‍ വളരുന്നതുപോലെ മുതിര്‍ന്നവര്‍ക്ക് ഉയരത്തില്‍ വളരാന്‍ കഴിയില്ല. എന്നാല്‍ വൈദ്യശാസ്ത്രത്തിലെ പുരോഗതി കൈകാലുകള്‍ നീളം കൂട്ടുന്ന ശസ്ത്രക്രിയ കണ്ടുപിടിച്ചിട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ ഉയരം കൂട്ടാന്‍ കഴിയുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.
കൈകാലുകളുടെ നീളം കൂട്ടുന്ന ഈ പ്രക്രിയ ഡിസ്ട്രാക്ഷന്‍ ഓസ്റ്റിയോജെനിസിസ് എന്നറിയപ്പെടുന്നു. ഈ പ്രക്രിയ പ്രകാരം ആദ്യം അസ്ഥി ശ്രദ്ധാപൂര്‍വ്വം മുറിക്കുന്നു. ശേഷം ഒരു പ്രത്യേക ബാഹ്യ ഫ്രെയിം (ഇലിസറോവ് ഫ്രെയിം പോലെ) അല്ലെങ്കില്‍ ഒരു ആന്തരിക മോട്ടറൈസ്ഡ് ആണി അസ്ഥിയില്‍ ഉറപ്പിക്കുന്നു. ഈ ഉപകരണം അസ്ഥി ഭാഗങ്ങളെ സാവധാനം അകറ്റി നിര്‍ത്തുന്നു. അത് വിടവില്‍ പുതിയ അസ്ഥി ടിഷ്യു വളരാന്‍ പ്രോത്സാഹിപ്പിക്കുന്നു. തുടര്‍ന്ന് അസ്ഥി സുഖപ്പെടുകയും കഠിനമാവുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് മാസങ്ങള്‍ എടുത്തേക്കാം. ഈ പ്രക്രിയക്ക് ശേഷം ശക്തിയും ചലനശേഷിയും വീണ്ടെടുക്കാന്‍ ഫിസിക്കല്‍ തെറാപ്പി അത്യാവശ്യമാണ്.
ചില ആളുകള്‍ പ്രൊഫഷണല്‍ കാരണങ്ങളാല്‍ ഈ പ്രക്രിയയ്ക്ക് വിധേയരാകാറുണ്ടെങ്കിലും വൈദ്യശാസ്ത്രപരമായി അത്യാവശ്യമാണെങ്കില്‍ മാത്രമേ ഇത് സാധാരണയായി ശുപാര്‍ശ ചെയ്യാറുള്ളൂ. രോഗമുക്തി നീണ്ടതും വേദനാജനകവും അപകടസാധ്യതകള്‍ നിറഞ്ഞതുമാണ്.