മേക്കപ്പ് കാര്യമായി ഇടാത്തവർ പോലും ലിപ്സ്റ്റിക്ക് ഉപയോഗിക്കാറുണ്ട്. മുഖത്തിന് ഒരു എക്‌സ്ട്ര തിളക്കം കൊണ്ടുവരാന്‍ വേണ്ടിയാണിത്. ലിപ്സ്റ്റിക്ക് ഇന്ന് പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഇടുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ലിപ്സ്റ്റിക്ക് നിങ്ങളുടെ സുന്ദരമായ ചുണ്ടുകളുടെ പ്രകൃതിദത്ത നിറം കവരാനും ഹൈപ്പർപിഗ്മെന്റേഷന് കാരണമാകാമെന്നും വിദ്ഗധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ലിപ് പിഗ്മെന്റേഷനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ദിവസവും ലിപ്സ്റ്റിക്ക് ചുണ്ടുകളിൽ ഉപയോഗിക്കുന്നത് ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ലിപ്സ്റ്റിക്കിന്റെ സ്ഥിര ഉപയോഗം നിങ്ങളുടെ ചുണ്ടുകളെ കാലക്രമേണ കറുപ്പിക്കും.
വിലകുറഞ്ഞ ഫോർമുലേഷനുകളിൽ പലപ്പോഴും ലെഡ്, ക്രോമിയം തുടങ്ങിയ ഘന ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്, അവ ക്രമേണ നിങ്ങളുടെ ചുണ്ടുകളുടെ കലകളിൽ അടിഞ്ഞുകൂടുന്നു. കൂടാതെ പല ലിപ്സ്റ്റിക്കുകളിലും അടങ്ങിയ സിന്തറ്റിക്, കെമിക്കൽ സംയുക്തങ്ങൾ മെലാനിൻ ഉൽപാദനത്തിന് കാരണമാകും.
ഏറ്റവും വലിയ പ്രശ്നം, പല ജനപ്രിയ ബ്രാൻഡുകളും കഠിനമായ സുഗന്ധദ്രവ്യങ്ങളും സിന്തറ്റിക് ഡൈകളും തങ്ങളുടെ ലിപ്സ്റ്റിക്കിൽ ഉപയോഗിക്കുന്നു എന്നതാണ്. ഇത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. ഇത് വീക്കം, തുടർന്നുള്ള കറുപ്പ് എന്നിവയിലേക്ക് നയിക്കും.
ഇവ നിരന്തരം ഉപയോഗിക്കുന്നത് അതിലോലമായ ചുണ്ടുകളുടെ ചർമത്തിൽ മൈക്രോ-ട്രോമ സൃഷ്ടിക്കുന്നു. ഇത് ഒരു പ്രതിരോധ സംവിധാനമായി നിങ്ങളുടെ ശരീരത്തെ അധിക മെലാനിൻ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എന്ന് കരുതി ലിപ്സ്റ്റിക്ക് ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നല്ല,
മികച്ച ഗുണനിലവാരമുള്ള ബ്രാന്റുകളിൽ നിന്ന് ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിക്കുക.
ലെഡ് അല്ലെങ്കിൽ അത്തരം വസ്തുക്കൾ ഇല്ലാത്ത ഉൽപ്പന്നമാണെന്ന് ഉറപ്പാക്കുക.
ലിപ്സ്റ്റിക് ധരിച്ച് ഒരിക്കലും ഉറങ്ങരുത്.
ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകൾ നന്നായി വൃത്തിയാക്കുക.
ചുണ്ട് വൃത്തിയാക്കിയ ശേഷം ലിപ് ബാം ഉപയോഗിക്കുക.
ലിപ്സ്റ്റിക് പ്രയോഗിക്കുന്നതിന് മുമ്പ് ലിപ് ബാം ഉപയോഗിക്കുന്നതും നല്ലതാണ്.