കണ്ണുകള്‍ കാഴ്ചകള്‍ കാണാനുള്ള ഉപകരണങ്ങള്‍ മാത്രമല്ല. നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പല കാര്യങ്ങളും അവ വെളിപ്പെടുത്തുന്നു. നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളുടെയും വ്യക്തമായ സൂചനകള്‍ കണ്ണുകള്‍ നല്‍കുന്നു. കണ്ണുകളില്‍ പ്രകടമാകുന്ന ചില അടയാളങ്ങള്‍ ശരീരത്തിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം, ഹൃദ്രോഗം,
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവ പലപ്പോഴും കണ്ണുകളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുന്നു.
ഈ ലക്ഷണങ്ങള്‍ കൃത്യസമയത്ത് മനസ്സിലാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. പ്രമേഹ രോഗികളില്‍ റെറ്റിനയിലെ രക്തക്കുഴലുകള്‍ വീര്‍ക്കുകയും കണ്ണുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍, പെട്ടെന്നുള്ള മങ്ങല്‍, കാഴ്ചയില്‍ മാറ്റം, അല്ലെങ്കില്‍ കണ്ണുകളില്‍ തുടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ആളുകള്‍ സാധാരണയായി ഈ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യാറ്. അതുപോലെതന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണിലെ രക്തക്കുഴലുകളെ ബാധിക്കും.
തല്‍ഫലമായി, കാഴ്ച മങ്ങുകയും കാഴ്ചയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചിലപ്പോള്‍ കഠിനമായ തലവേദനയും ഉണ്ടാകാം. കൊളസ്‌ട്രോള്‍ കാരണവും കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാകും. രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോള്‍ കൂടുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ണുകളില്‍ പ്രകടമാകും. കണ്ണുകള്‍ക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള വീക്കവും ഐറിസിന് ചുറ്റും നീലയോ തവിട്ടുനിറമോ ആയ ഒരു വളയവും കാണാം. കൂടാതെ കണ്ണുകളില്‍ പെട്ടെന്നുള്ള പാടുകള്‍, ചുവപ്പ്, അല്ലെങ്കില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം എന്നിവ ശരീരത്തിലെ ക്യാന്‍സറിന്റെ സാന്നിധ്യം സൂചിപ്പിക്കാം. കണ്ണിന്റെ ഒരു ഭാഗത്തെ ഇരുട്ട് അല്ലെങ്കില്‍ മങ്ങല്‍, സാധാരണ കാഴ്ചയിലെ ക്രമക്കേടുകള്‍, ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളെ സൂചിപ്പിക്കാം.