Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസ്സെത്തുന്നിടത്ത് ശരീരത്തിനെത്താൻ ആകുന്നില്ലേ? അതിന്റെ കാരണവും മാർഗങ്ങളും

സന്ധിവാതം എങ്ങനെ വരുന്നു

മനസ്സെത്തുന്നിടത്ത് ശരീരത്തിനെത്താൻ ആകുന്നില്ലേ? അതിന്റെ കാരണവും മാർഗങ്ങളും
, വെള്ളി, 26 ഓഗസ്റ്റ് 2016 (15:49 IST)
കൈകാൽ സന്ധികളിൽ ഉണ്ടാകുന്ന ഒരുതരം സഹിക്കാനാകാത്ത വേദനയാണ് സന്ധിവാതം. ആര്‍ത്രൈററിസ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. പല തരം സന്ധിവാതങ്ങളുണ്ട്. സന്ധികളിൽ വേദന തുടരുമ്പോൾ ചലിപ്പിക്കാനാകാതെ മുട്ടുകൾ ഉറച്ചു പോകുന്നു. ഇതേ അവസ്ഥയിൽ ദീർഘകാലം ഇരിക്കുകയാണെങ്കിൽ സന്ധിവാതം ഒരു മാറാരോഗമായി മാറുക തന്നെ ചെയ്യും. നൂറിൽപ്പരം വ്യത്യസ്തതയുള്ള സന്ധിവാതങ്ങൾ ഉണ്ട്. ഓരോന്നിനും ഓരോ ലക്ഷണങ്ങളും കാരണങ്ങളും ആണ്. പക്ഷേ വേദനയ്ക്ക് മാത്രം ഒരു കുറവുമില്ല, വ്യത്യാസവുമില്ല.
 
സന്ധിവാതരോഗികളുടെ പ്രധാന പ്രശ്നം സന്ധിവേദനയാണ്. വേദന മിക്കപ്പോഴും ഒരു സന്ധിയിൽ സ്ഥിരമായുണ്ടായിരിക്കും. കോശജ്വലനവും, അസുഖവും പ്രായാധിക്യവും കാരണം സന്ധിക്കുണ്ടാകുന്ന കേടുപാടുകളും മറ്റുമാണ് വേദനയ്ക്ക് കാരണം. ഇതു പിന്നീട് മറ്റു മുട്ടുകളിലേക്കും വ്യപിക്കുകയാണ് ചെയ്യുക. ഏറ്റവും സാധാരണ ഇനമായ ഓസ്റ്റിയോ ആർത്രൈറ്റിസ് വാർദ്ധക്യമോ, സന്ധിയിലെ അണുബാധയോ, പരിക്കോ മൂലമുണ്ടാകുന്ന ഒരുതരം സന്ധീക്ഷയമാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, സെപ്റ്റിക് ആർത്രൈറ്റിസ് എന്നിവ മറ്റുചില പ്രധാനപ്പെട്ട ഇനം സന്ധിവാതങ്ങളാണ്.
 
ഓസ്റ്റിയോആർത്രറ്റിസ്
 
ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന സന്ധിവാതങ്ങളിൽ ഒന്ന്. ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളിൽ ഇതു ബാധിക്കാൻ സാധ്യതയുണ്ട്. കൈമുട്ട്, കാൽമുട്ട്, കൈപ്പത്തി, നടുവ്, ഇടിപ്പ് എന്നീ ശരീരഭാഗങ്ങളിലേക്ക് കാലക്രമേണ ഇത് ബാധിക്കും.
ശരീരത്തിലെ ചലനങ്ങളുടെ വ്യതിയാനമനുസരിച്ച് സന്ധിക‌ൾക്കുണ്ടാകുന്ന വേദനയാണ് ഈ മാറ്റത്തിന് കാരണം. തരുണാസ്ഥി നഷ്ടത്തിൽ നിന്നാണ് ഈ അസുഖത്തിന്റെ തുടക്കം. നടക്കുമ്പോഴുള്ള ചെറിയ വേദനയാണ് ആദ്യ ലക്ഷണം. പിന്നെപ്പിന്നെ വേദന ദിവസം മുഴുവൻ (രാത്രിയിൽ ഉറക്കത്തിലും) ഉണ്ടാവുകയും ചെയ്യും. തുടർച്ചയായ വേദനയുള്ള തരത്തിൽ രോഗം മൂർച്ഛിച്ചവർക്ക് ശസ്ത്രക്രിയ വേണ്ടിവന്നേയ്ക്കാം. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പലർക്കും ഫലപ്രദമാണ്. 
 
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
 
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരീരകലകളെ ആക്രമിക്കുന്ന ഒരു തരം അസുഖമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. സന്ധിവാതങ്ങളിൽ ഒന്നായിട്ടാണ് പൊതുവെ ഇതിനെ പറയുന്നതെങ്കിലും സന്ധികളിൽ മാത്രമല്ല മറ്റു ഭാഗങ്ങളെയും ഇതു ബാധിക്കും. രണ്ടസ്ഥികൾ തമ്മിൽ ഉരസാൻ ഈ അസുഖവും കാരണമാകും. കൈവിരലുകളിലെ സന്ധികൾ, മണിബന്ധം, കൈമുട്ട്, കാൽമുട്ട് എന്നിവയാണ് സാധാരണയായി ബാധിക്കപ്പെടുന്ന സന്ധികൾ. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ചില വർഷങ്ങൾ കൊണ്ട് അംഗഭംഗം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. 20 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് സാധാരണ ഈ അസുഖമുണ്ടാകുന്നത്. പെട്ടെന്നു തന്നെ കണ്ടുപിടിക്കുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താൽ പലർക്കും സാധാരണ ജീവിതം നയിക്കാൻ സാധിക്കും. ഈ രോഗത്തിന് പൂർണ്ണശാന്തി നല്കുന്ന ചികിത്സയൊന്നുമില്ല.
 
ലൂപസ്
 
ഈ അസുഖം ചിലപ്പോൾ വളരെ രൂഷമായ സന്ധിവേദനയുണ്ടാക്കാം. തൊലിപ്പുറമേയുള്ള ചുവന്നുതടിക്കൽ, സൂര്യപ്രകാശമേറ്റാൽ തൊലിയിൽ ചൊറിച്ചിലും ചുവന്നുതടിക്കലും മറ്റുമുണ്ടാവുക, മുടികൊഴിയൽ, വൃക്കയ്ക്കുള്ള പ്രശ്നങ്ങൾ, ശ്വാസകോശത്തിലെ ഫൈബ്രോസിസ് എന്നിവയാണ് ലൂപസിന്റെ മറ്റു ലക്ഷണങ്ങൾ. 
 
ഗൗട്ട്

സന്ധികളിൽ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിയുന്നതുകൊണ്ടുള്ള കോശജ്വലനമാണ് ഈ അസുഖത്തിന് കാരണം. കാൽസ്യം ഫോസ്ഫേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നതുമൂലം ഗൗട്ട് മാതിരി ലക്ഷണങ്ങളുള്ള സ്യൂഡോഗൗട്ട് എന്ന അസുഖം ഉണ്ടാകാറുണ്ട്. രോഗത്ത്ന്റെ ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമാണ്. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെയനക്കാൻ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്തേക്കാം. 
 
സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം. വ്യായാമങ്ങളാണ് ഇതിന്റെ പ്രധാന മരുന്ന് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളം, വെള്ളം, സർവത്ര വെള്ളം...; പേടിയോ? എങ്കിൽ ഇതാ അതിന്റെ കാരണം