തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും കഴിക്കും. ചിലപ്പോൾ കഴിക്കില്ല. ജോലിത്തിരക്കിനിടെ സമയം കിട്ടുമ്പോൾ ലഞ്ചും കഴിക്കും. ചിലർ ബ്രേക്ഫാസ്റ്റും ലഞ്ചും ഒരുമിച്ച് ബ്രെഞ്ച് ആക്കി കഴിക്കുന്നവരുണ്ട്. സൗകര്യപൂർവ്വം അത്താഴവും. ഇതാണ് നിങ്ങളുടെ ഭക്ഷണദിനചര്യയെങ്കിൽ നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ ഒരു സമയം ആവശ്യമാണ്. ഉച്ച ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്കകം അത്താഴം കഴിക്കുന്നത് ആമാശയത്തിന് സമ്മർദമുണ്ടാക്കും. ഇത് ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങി നിരവധി ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ അകലം പാലിക്കേണ്ടതുണ്ട്.
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അത്താഴം കഴിക്കാൻ പാടില്ല. അനാവശ്യമായി കലോറി കൂടുകയും ചെയ്യും. ഉച്ച ഭക്ഷണം കഴിഞ്ഞ് വളരെ വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയുകയും ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയുള്ള അവസ്ഥ എന്നിവ അനുഭവപ്പെടും. മാത്രമല്ല ഉറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യവാനായ ഒരു വ്യക്തി തങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം അനുസരിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് മുതല്‍ രണ്ടര നേരം ഭക്ഷണം എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. അതായത് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ഭക്ഷണം കഴിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറ് മണി വരെ അല്ലെങ്കില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ. ഇതിനുള്ളിലായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഇത് ശരീരത്തിന് വിശ്രമവും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.