Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

അമ്മയ്ക്ക് മാത്രമല്ല, അച്ഛനാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ അനുഭവം ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന ഒന്നാണ്

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്
, വെള്ളി, 21 മാര്‍ച്ച് 2025 (16:49 IST)
ഡോ. എലിസബത്ത് ജേക്കബ്
 
ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ നിര്‍ണായക ഘട്ടമാണ് അമ്മയാകുന്ന സമയം. വൈകാരികവും ജീവിതത്തിലെ പരിവര്‍ത്തനപരവുമായ ഏറ്റവും സുപ്രധാനമായ യാത്രയാണിത്. തീര്‍ച്ചയായും വളരെ സന്തോഷകരമായ സമയം തന്നെയാണിതെങ്കിലും അതോടൊപ്പം ആശങ്കയുടേയും അനിശ്ചിത്വത്തിന്റെയും കാലയളവ് കൂടെയാണ്. ഈ യാത്ര സുഖകരവും അവിസ്മരണീയവുമാക്കിത്തീര്‍ക്കുന്നതില്‍ ഒരു ലേബര്‍ കംപാനിയന്റെ പങ്ക് നിര്‍ണായകമാണ്. അത് പങ്കാളിയോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളിലാരെങ്കിലുമോ ആകാം. വൈകാരിക പിന്തുണയും ഒപ്പം പൊക്കിള്‍ക്കൊടി മുറിക്കുംപോലെയുള്ള സുപ്രധാന സമയത്ത് ഒപ്പം നില്‍ക്കുന്നതും അമ്മയ്ക്കും ഒപ്പം കുടുംബത്തിനും പ്രസവാനുഭവത്തെ പൂര്‍ണമായും മാറ്റിമറിയ്ക്കുവാന്‍ സാധിക്കും.
 
ഒരു ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ഏറെ ഡെലിവറികള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഇതിലെല്ലാം സമാനമായി നിലനില്‍ക്കുന്ന ഒരു ഘടകം അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വൈകാരികതകളാണ്. അമ്മയെ സംബന്ധിച്ചിടത്തോളം വൈകാരിക ദൗര്‍ബല്യങ്ങള്‍ക്ക് പുറമേ, ശാരിരിക വേദനയും ഉള്‍പ്പെടുന്ന ഒന്നാണ്. പ്രസവ സമയത്ത് ഒരാള്‍ കൂടെയുണ്ടാകുന്നത് സുരക്ഷിതത്വവും അമ്മയാകുന്ന വ്യക്തിക്ക് ധൈര്യവും പകരും. ഒപ്പം സങ്കോചമൊഴിവാക്കുവാനും ഇമോഷണല്‍ ബാലന്‍സ് നിലനിര്‍ത്തുവാനും സാധിക്കും. 
 
അമ്മയ്ക്ക് മാത്രമല്ല, അച്ഛനാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ അനുഭവം ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന ഒന്നാണ്. ഡെലിവറി റൂമില്‍ ഒരുമിച്ചുണ്ടാകുന്നത് കുഞ്ഞിനോട് ഗാഢമായ ബന്ധം വളര്‍ന്നുവരുവാന്‍ കാരണമാകും. ഒരു കുഞ്ഞിന്റെ ജനനം വെറുമൊരു മെഡിക്കല്‍ ഇവന്റ് മാത്രമല്ല, മുഴുവന്‍ കുടുംബത്തിനും വൈകാരിക നാഴികക്കല്ല് തന്നെയാണ്. 
 
LDRP (ലേബര്‍, ഡെലിവറി, റിക്കവറി, പോസ്റ്റ്പാര്‍ട്ടം) റൂമുകള്‍ സജ്ജമാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും പ്രസവാനുഭവം കൂടുതല്‍ സുഖപ്രദമമാകുവാനുള്ള അന്തരീക്ഷമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ മുറികളില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് കഴിയുവാനും സാധിക്കും. അമ്മയാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്ക് വലിയ ആശ്വാസമാണ് ഏവരും ഒരുമിച്ചുണ്ടാകുന്നതിലൂടെ ലഭിക്കുക. ഈ രീതി പിന്തുടരുന്നതിലൂടെ, മെഡിക്കല്‍ കെയര്‍ മുന്‍ഗണനയായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒപ്പം ഗര്‍ഭിണിക്കും കുടുംബത്തെിനും വൈകാരികവും മാനസികവുമായ പിന്തുണയും ഉറപ്പാക്കുന്നു.
 
സ്നേഹവും പിന്തുണയും നല്‍കിക്കൊണ്ട് പ്രിയപ്പെട്ടവര്‍ കൂടെ നില്‍ക്കുമ്പോള്‍ അമ്മയാകുന്ന നിര്‍ണായക മുഹൂര്‍ത്തം ഏതൊരു സ്ത്രീക്കും എന്നും ഓര്‍മിക്കുവാനുള്ള സുന്ദര നിമിഷങ്ങളാകുന്നു

webdunia
ഡോ. എലിസബത്ത് ജേക്കബ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്‌സ്റ്റെട്രിക്‌സ് & ഗൈനക്കോളജിസ്റ്റ് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍


 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം