ആഹാരവും ലൈംഗികതയും തമ്മിലുള്ള ബന്ധം വളരെ മുമ്പേ അറിവുള്ളതാണ്. ഇണകളെ പരസ്പരം ആകൃഷ്ടരാക്കാനും ലൈംഗിക കേളികള്‍ക്ക് ഉത്തേജിതരാക്കാനും ഭക്ഷണം എന്താണെന്നുള്ളത് ഒരു പ്രധാന ഘടകമാണ്.
ഇണയെ കൊതിപ്പിക്കുന്ന ഇടിവെട്ട് മീന്‍ കറിയോ രസമൂറുന്ന രസഗുളയോ മുതല്‍ മത്ത് പിടിപ്പിക്കുന്ന പഴച്ചാറോ എല്ലാം ലൈംഗിക ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഒരാളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ചില ഭക്‍ഷ്യ പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. ലൈംഗിക വിരക്തിയും ഉല്‍പ്പാദന ക്ഷമത ഇല്ലായ്മയും ഉദ്ധാരണമോ ഉദ്ദീപനമോ ഇല്ലായ്മയും താത്പര്യക്കുറവും ഒക്കെ മാറ്റാന്‍ ഭക്ഷണം കൊണ്ട് സാധിക്കും.
ഇത്തരം ഭക്‍ഷ്യ പദാര്‍ത്ഥങ്ങളെ അഫ്രോഡിസിയാക് ഭക്‍ഷ്യ വസ്തുക്കള്‍ എന്നാണ് പറയുക. ഇവ ഒരാളുടെ ലൈംഗിക ദാഹം വര്‍ദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ലൈംഗിക ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നു. ഗ്രീക്ക് പ്രണയ ദേവതയായ അഫ്രോഡൈറ്റില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായത്.
കണ്ണിനും മൂക്കിനും നാവിനും തൃപ്തി നല്‍കുന്ന ആഹാരങ്ങള്‍ വിവിധ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുകയും ആ സന്തോഷം ലൈംഗികമായ പ്രകടനത്തിനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു. സവാള, മുട്ട തുടങ്ങിയ പ്രകൃതിജന്യമായ ഭക്ഷണങ്ങളില്‍ സഹജമായ ലൈംഗിക വീര്യം അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം. അതുപോലെ ലൈംഗിക അവയവങ്ങളോട് സാമ്യമുള്ള പ്രകൃതിജന്യ ഭക്‍ഷ്യപദാര്‍ത്ഥങ്ങള്‍ക്കും ലൈംഗിക താത്പര്യം ഉണര്‍ത്താനുള്ള ശേഷിയുണ്ടെന്ന് കരുതുന്നുണ്ട്. വാഴപ്പഴം, മുരിങ്ങക്ക എന്നിവ ഉദാഹരണം.
ചാറ് ഏറെയുള്ള ചുവന്ന സ്ട്രോബറി, പതയുന്ന ക്രീം, കറുത്ത ചോക്ലേറ്റ് എന്നിവയെല്ലാം സെക്സുമായി അറിഞ്ഞോ അറിയാതെയോ ബന്ധപ്പെട്ട് കിടക്കുന്ന ഭക്‍ഷ്യ വസ്തുക്കളാണ്. ഇവ കഴിക്കുമ്പോള്‍ സ്വാഭാവികമായി സന്തോഷവും അത്യുത്സാഹവും തോന്നുകയും ചെയ്യും. ഇത് രതിയേയും പ്രചോദിപ്പിക്കും. എന്നാല്‍ ലൈംഗിക താത്പര്യം കൂട്ടാനായി നമ്മള്‍ പ്രത്യേകം ഭക്ഷണം കഴിക്കേണ്ടതായിട്ടില്ല. നമുക്ക് കിട്ടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഓരോരുത്തര്‍ക്കും സന്തോഷവും ഉത്തേജനവും നല്‍കുന്ന ഭക്‍ഷ്യ വസ്തുക്കള്‍ സ്വയം കണ്ടെത്തുകയാണ് നല്ലത്.
ഭാര്യയായാലും ഭര്‍ത്താവായാലും കൊതിക്കുന്ന, ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അറിഞ്ഞോ അറിയാതെയോ ലൈംഗികമായ താത്പര്യത്തിന് വശംവദമാവുന്നു എന്ന് വേണം കരുതാന്‍. മുന്തിരി, അണ്ടിപ്പരിപ്പ്, പഴച്ചാറ്, ഐസ്ക്രീം, ചോക്ലേറ്റ് എന്നിങ്ങനെ ഒട്ടേറെ ഭക്‍ഷ്യ വസ്തുക്കള്‍ ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. ചിലതരം പായസങ്ങളും കാമവികാരം ഉണര്‍ത്താന്‍ പര്യാപ്തമാണ്.