ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: പോഷക ഗുണങ്ങളില്‍ വ്യത്യാസം ഉണ്ടോ
ചുവന്ന ആപ്പിളാണോ പച്ച ആപ്പിളാണോ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതെന്ന് ഇന്നും പലര്‍ക്കുമിടയില്‍ സംശയമുണ്ട്.
ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തും എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ളതാണ്. എന്നാല്‍ നിങ്ങളുടെ ആപ്പിളിന്റെ നിറം മാറുന്നതനുസരിച്ച് ഗുണത്തിനും വ്യത്യാസമുണ്ടാകുമോ? ചുവന്ന ആപ്പിളാണോ പച്ച ആപ്പിളാണോ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതെന്ന് ഇന്നും പലര്‍ക്കുമിടയില്‍ സംശയമുണ്ട്. രണ്ട് ആപ്പിളുകളിലും പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. പക്ഷേ പഞ്ചസാരയുടെ അളവ്, നാരുകള്‍, ആന്റിഓക്സിഡന്റിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു എന്നീ കാര്യങ്ങളില്‍ അവ അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ചുവപ്പും പച്ചയും ആപ്പിളുകള്‍ വ്യത്യസ്തമായ ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്.
ചുവന്ന ആപ്പിളുകളായ ഫ്യൂജി, റെഡ് ഡെലീഷ്യസ്, ഗാല എന്നിവ സാധാരണയായി മധുരവും ജ്യൂസും കൂടുതലുള്ളവയാണ്. അതിനാല്‍ അവയെ ലഘുഭക്ഷണത്തിനായി തിരഞ്ഞെടുക്കാം. പച്ച ആപ്പിള്‍ കൂടുതല്‍ ഉറച്ചതും അസിഡിറ്റി ഉള്ളതുമാണ്. ചുവന്ന ഇനങ്ങളെ അപേക്ഷിച്ച് പച്ച ആപ്പിളില്‍ സാധാരണയായി അല്പം കുറഞ്ഞ കലോറിയും കുറഞ്ഞ പഞ്ചസാരയും ഉണ്ടാകും. ഒരു ഇടത്തരം ഗ്രാനി സ്മിത്ത് ആപ്പിളില്‍ ഏകദേശം 80 കലോറിയും 17 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു.
അതേസമയം സമാനമായ വലിപ്പമുള്ള ഫ്യൂജി അല്ലെങ്കില്‍ റെഡ് ഡെലീഷ്യസ് ആപ്പിളില്‍ ഏകദേശം 95 കലോറിയും 19 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കുകയോ പ്രമേഹം നിയന്ത്രിക്കുകയോ ചെയ്യുകയാണെങ്കില്‍, പച്ച തിരഞ്ഞെടുക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം.