വളരെ ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. ദിവസേന ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ചിലർ തൊലിയോടുകൂടി കഴിക്കാനിഷ്ടപ്പെടുമ്പോൾ, മറ്റുചിലർ തൊലി കളഞ്ഞ് കഷണങ്ങളാക്കി കഴിക്കുന്നു. എന്നാൽ, ഏതാണ് ശരിയായ രീതിയെന്ന് അറിയാമോ?
ശരിയായ രീതിയിൽ കഴുകിയെടുക്കുന്ന തൊലിയോടുകൂടിയുള്ള ആപ്പിളിനാണ് പരമാവധി ആരോഗ്യഗുണങ്ങളുള്ളത്. ഹൃദയാരോഗ്യം, ദഹനവ്യവസ്ഥയുടെ പ്രവർത്തനം, പൊതുവായ ആരോഗ്യം എന്നിവയ്ക്ക് പ്രധാനപ്പെട്ട നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവ ആപ്പിളിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.
തൊലിയോടുകൂടിയതും അല്ലാത്തതുമായ ആപ്പിളുകൾ തമ്മിലുള്ള പോഷകപരമായ വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത്, സമീകൃതാഹാരം തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും. തൊലിയോടുകൂടിയ ആപ്പിൾ പതിവായി കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും.
ആപ്പിളിന്റെ തൊലിയിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഹൃദയസംരക്ഷക ഘടകങ്ങൾ എന്നിവ ധാരാളമുണ്ട്. വിറ്റാമിൻ സി കൂടാതെ, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും തൊലിയിൽ അടങ്ങിയിരിക്കുന്നു.