രാവിലെ എഴുന്നേറ്റ ശേഷം അല്പസമയം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലരും രാവിലെ ജോഗിങ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ രാവിലെ ശ്വസനവ്യായാമങ്ങളും പതിവാക്കുന്നത് ശരീരത്തെ ശാന്തമാക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും രാവിലെ ആദ്യത്തെ 30 മിനിറ്റിനുള്ളില്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിനും മനസിനും ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.
ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമമായതിനാല്‍ തന്നെ ആഴത്തിലുള്ള ശ്വസനം ഡയഫ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ആഴത്തില്‍ ശ്വാസമെടുക്കുന്നതിനാല്‍ മ്യൂക്കസ് ഇല്ലാതെയാക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ സഹായിക്കും.
ശ്വസനവ്യായാമങ്ങള്‍ ഉണര്‍വും ഊര്‍ജ്ജസ്വലതയും ഏകാഗ്രതയും കൂട്ടുന്നതിന് സഹായിക്കും. കൂടാതെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ശ്വസനവ്യായാമങ്ങള്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാല്‍ ആവശ്യമായ ഓക്‌സിജന്‍ എത്തുന്നതോടെ ശരീരത്തിനും തലച്ചോറിനും ഊര്‍ജം കൂടുതല്‍ ലഭിക്കാനും സഹായിക്കും.