ഗര്‍ഭകാലത്തെയും പ്രസവത്തെയും ഏറെ ഭീതിയോടെയാണ് ചില സ്ത്രീകള്‍ കാണുന്നത്. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ ഭയപ്പടോടെയാണ് പ്രസവത്തെപ്പറ്റി ചിന്തിക്കുക. പ്രസവത്തോടൊപ്പം മരണവും ഉണ്ട് എന്ന ഭീതി നിറഞ്ഞ സങ്കല്പമാണ് ഇങ്ങനെയുള്ള വിഹ്വലതകള്‍ക്ക് കാരണം.
പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന പഴഞ്ചൊല്ല് ഇത്തരക്കാരെ ഉദ്ദേശിച്ചാണെന്നു തോന്നുന്നു. പ്രസവം വേദന നിറഞ്ഞതാണ് എന്ന തോന്നല്‍ മൂലം വിവാഹത്തിനുപോലും സമ്മതിക്കാത്ത പെണ്‍കുട്ടികളുണ്ട്. ഗര്‍ഭകാലത്ത് വളരെയേറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വേണ്ടത്ര മരുന്നുകളും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള വ്യായാമവും സുഖപ്രസവത്തിന് സഹായിക്കും.
വ്യായാമം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. രാവിലെയും വൈകിട്ടുമുള്ള നടപ്പ്, ചെറിയ ചെറിയ വീട്ടുജോലികള്‍ ഇവ ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്. എന്തെങ്കിലും തരത്തിലുള്ള വേദനയോ അസ്വസ്ഥതയോ തോന്നിയാല്‍ ഉടന്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
ഗര്‍ഭകാലത്ത് മനസ് സ്വസ്ഥമായിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും സന്തോഷകരമായ ചുറ്റുപാടുകളില്‍ വസിക്കുവാനും ആശങ്കകളെയും ദുഃഖത്തെയും ഒഴിച്ചുനിര്‍ത്താനും ശ്രദ്ധിക്കണം.
പ്രസവം വേദനയില്ലാത്തതും സുഖകരവുമാക്കാന്‍ ഇന്ന് ഒട്ടേറെ സംവിധാനങ്ങള്‍ ഉണ്ട്. സുഷുമ്‌ന നാഡിയില്‍ നടത്തുന്ന ഒരു പ്രത്യേകതരം ഇന്‍ജക്ഷന്‍ വേദനയില്ലാതാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഈ രീതിയ്ക്ക് എപ്പിഡ്യൂറല്‍ എന്നു പറയും. പരിചയ സമ്പന്നനായ അനസ്തേഷിസ്റ്റാണ് ഇത് നടത്തുക.
ചില ഔഷധങ്ങള്‍ നല്‍കി വേദന കുറയ്ക്കുന്ന ഏര്‍പ്പാടും നിലവിലുണ്ട്. പ്രസവവേദന തുടങ്ങുന്നതിനു മുന്‍പാണ് ഇത്തരം ഔഷധങ്ങള്‍ നല്‍കുക. ഈ രീതി വളരെ സൂക്ഷിച്ചില്ലെങ്കില്‍ കുഞ്ഞിന്‍റെ ശ്വസനത്തിന് തടസമുണ്ടാക്കും.
ഗര്‍ഭകാലത്തിന്‍റെ തുടക്കം മുതല്‍ തന്നെ വൈറ്റമിനുകള്‍ ഉപയോഗിക്കേണ്ടതാണ്. വൈറ്റമിന്‍സ് ഭ്രൂണത്തിലുണ്ടാവാന്‍ സാധ്യതയുള്ള വൈകല്യങ്ങളെ ഇല്ലാതാക്കുന്നു. ടോര്‍ച്ച് ടെസ്റ്റ്, ട്രിപ്പിള്‍ ടെസ്റ്റ് എന്നീ പരിശോധനരീതികളും ഇന്ന് നിലവിലുണ്ട്.
ആന്‍റിബയോട്ടിക്കുകളുടെ അഭാവത്താല്‍ ഗര്‍ഭശേഷം അണുബാധയേറ്റ് സ്ത്രീകള്‍ മരിച്ചിരുന്നു. എന്നാല്‍ ഇന്ന് അത്തരം കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല. മരണഭീതി ഇതേ ചുറ്റിപ്പറ്റി ഉണ്ടായതായിരിക്കണം.
വ്യക്തമായ കാരണമില്ലെങ്കില്‍ പ്രസവസമയം നീട്ടിവയ്ക്കരുത്. ജ്യോതിശാസ്ത്രപ്രകാരം സമയം നോക്കി കുട്ടിയെ പുറത്തെടുക്കണമെന്ന് നിര്‍ബന്ധിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള രീതികള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷഫലങ്ങളുണ്ടാക്കും.
ആദ്യപ്രസവവും തുടര്‍ന്നുള്ള പ്രസവും തമ്മില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുണമാണ്.
യഥാര്‍ത്ഥത്തില്‍ സ്കൂള്‍ തരത്തില്‍ തന്നെ ഗര്‍ഭധാരണത്തെ സംബന്ധിച്ച വിദ്യാഭ്യാസം നല്‍കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്കുപോലും വേണ്ടത്ര അറിവില്ലാത്തത് പുത്തന്‍ തലമുറയെയും ബാധിക്കും. ഇപ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 80 ശതമാനം സ്ത്രീകള്‍ക്കും പ്രസവം സംബന്ധിച്ച ശാസ്ത്രീയമായ അറിവ് ലഭിച്ചിട്ടില്ല.