പ്രായമാകുമ്പോൾ സംഭവിക്കുന്ന കാഴ്ച മങ്ങൽ മറികടക്കാൻ ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാൽ മതി. പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ പിസ്തയിൽ അടങ്ങിയ ല്യൂട്ടിൻ സഹായിക്കുമെന്ന് കണ്ടെത്തി.
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിൻ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു.
പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
കാത്സ്യം, അയേണ്‍, സിങ്ക് എന്നിവ പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.