നട്സ്, ഡ്രൈ ഫ്രൂട്‌സ് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം, വാൾനട്‌സ്, ഉണക്കമുന്തിരി, നിലക്കടല, പിസ്ത, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ഈ ഗണത്തിൽ പെടുന്നവയാണ്. ഇവ കഴിയ്‌ക്കേണ്ട രീതിയിൽ കഴിച്ചാലേ ഗുണം ലഭിയ്ക്കൂ. ചില നട്സ് കുതിർത്ത് വേണം കഴിക്കാൻ. അത് ഏതൊക്കെയാണെന്ന് നോക്കാം;
* ബദാം
ബദാം പോലുള്ളവ കുതിർത്ത് കഴിയ്ക്കുന്നത് ഇതിലെ ഫൈറ്റിക് ആസിഡ് എന്ന ഘടകം നീക്കാൻ നല്ലതാണ്. ഫൈറ്റിക് ആസിഡ് ശരീരം പോഷകങ്ങൾ വലിച്ചെടുക്കുന്നത് തടയാൻ ഇടയാക്കുന്ന ഒന്നാണ്. വെളളത്തിൽ ഇട്ട് കുതിർത്തുമ്പോൾ ഫൈറ്റിക് ആസിഡ് നീങ്ങുന്നു. ഇതിലൂടെ പോഷകങ്ങൾ ശരീരത്തിന് നല്ല രീതിയിൽ വലിച്ചെടുക്കാൻ സാധിയ്ക്കുകയും ചെയ്യുന്നു.
* വാൾനട്സ്
ഫൈറ്റിക് ആസിഡ് അടങ്ങിയവ മാത്രമേ ഇതുപോലെ കുതിർത്തേണ്ട കാര്യമുള്ളൂ. ബദാമിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതുപോലെ വാൾനട്‌സിലും ഇത് അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഇവ രണ്ടും വെള്ളത്തിലിട്ട് കുതിർത്തുന്നതാണ് കൂടുതൽ നല്ലത്. ഇത് ശരീരത്തിന് ഇവ എളുപ്പത്തിൽ ദഹിപ്പിയ്ക്കാനും പോഷകങ്ങൾ വലിച്ചെടുക്കാനും സഹായിക്കുന്നു.
* ഉണക്കമുന്തിരി
ഉണക്കമുന്തിരിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിലിട്ട് കുതിരുമ്പോൾ ഇവയുടെ ഗുണം ഇരട്ടിയാകുന്നു. ഉണക്കമുന്തിരിയിലെ മിനറലുകളും ധാതുക്കളുമെല്ലാം കൂടുതൽ പ്രവർത്തനക്ഷമമാകുന്നു. ഇതിലെ പോഷകങ്ങൾ ശരീരത്തിന് ലഭിയ്ക്കുന്നു. ഇതിനാൽ ഇവയും കുതിർത്തി കഴിയ്ക്കുന്നതാണ് ഗുണം നൽകുന്നതെന്ന് പറയാം.