Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍ത്തവ രക്തം പുരണ്ടത് തുണിയിലാണെങ്കിലും രക്തക്കറ പെണ്ണിന്റെ അന്തസിലോ?' രേഷ്മ ചന്ദ്രന്‍ എഴുതുന്നു

Menstrual Hygiene Day
, വെള്ളി, 28 മെയ് 2021 (08:55 IST)
ഇന്ന് ലോക ആര്‍ത്തവ ശുചിത്വ ദിനം. ആര്‍ത്തവത്തെ ചുറ്റിപറ്റി നില്‍ക്കുന്ന അയിത്തത്തെ നീക്കാനും സ്ത്രീകള്‍ക്കും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കും ശരിയായ ആര്‍ത്തവചക്രത്തിന്റേയും ശുചിത്വ നിര്‍വഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടി 2014ല്‍ ജര്‍മ്മനിയിലെ സര്‍ക്കാരിതര സംഘടനയായ വാഷ് യുണൈറ്റഡ് ആണ് ആര്‍ത്തവ ശുചിത്വ ദിനാചരണം ആരംഭിച്ചത്.
 
ആര്‍ത്തവ സമയത്ത് ഏറ്റവും അത്യാവശ്യമായിട്ടുള്ള ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍, ശുചിമുറി, മാലിന്യ സംസ്‌കരണ ഉപാധികള്‍, ആര്‍ത്തവ ശുചിത്വ വിദ്യാഭ്യാസം മുതലായവയുടെയൊക്കെ ലഭ്യത കുറയുന്ന അവസ്ഥയാണ് മെന്‍സ്ട്രല്‍ പോവര്‍ട്ടി. ഈ സൗകര്യങ്ങളുടെയൊക്കെ ലഭ്യത ഇല്ലാത്തതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ സ്‌കൂളും തൊഴിലും നഷ്ടപ്പെടുന്നു. ഇതിന് പുറമെയാണ് ആര്‍ത്തവ ശുചിത്വ പരിപാലനം ഇല്ലാത്തത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തില്‍ നിന്ന് നേരിടുന്ന വിലക്കുകളും.
 
ആര്‍ത്തവവും വിലക്കുകളും
 
ഇന്നും ആര്‍ത്തവത്തെ ചൊല്ലി ധാരാളം അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീ അശുദ്ധയാണ്,  അടുക്കളയില്‍ പാചകം ചെയ്യാന്‍ പാടില്ല, ആരാധനാലയങ്ങളില്‍ പോകാന്‍ പാടില്ല, ചെടികള്‍ സ്പര്‍ശിക്കാന്‍ പാടില്ല, ഒരു നല്ല വസ്ത്രം ധരിക്കാന്‍ പാടില്ല എന്നൊക്കെ തുടങ്ങി എന്തിനു സ്വന്തം പുരുഷനെയോ കുട്ടിയേയോ  തൊടാന്‍ പാടില്ല എന്നിങ്ങനെ നീളുന്നു അന്ധവിശ്വാസങ്ങള്‍. 
 
നേപ്പാളില്‍ ആര്‍ത്തവക്കാരികളായ യുവതികളെ വീടുകളില്‍ നിന്നും അകലെ 'ചൌപഡി' എന്ന ചെറിയ മണ്‍കുടിലിലേക്ക് മാറ്റി താമസിപ്പിക്കുന്ന പതിവുണ്ട്. അവിടെ  വച്ച് പാമ്പുകടിയേറ്റും അപകടങ്ങളില്‍പ്പെട്ടും ധാരാളം യുവതികള്‍ മരണപ്പെടാറുമുണ്ട്. അതുപോലെതന്നെ മുതുവാന്‍ വിഭാഗക്കാരുടെ ഇടയിലുള്ള വാലായ്മപ്പുരയും.
 
ഒരുപക്ഷേ ഇതൊക്കെ പെണ്‍കുട്ടികള്‍ക്ക് തന്നെ സ്വന്തം ആര്‍ത്തവത്തോടും ശരീരത്തിനോടും വെറുപ്പ് തോന്നിക്കാന്‍ കാരണമാകുന്നു. തന്റെ പ്രത്യുല്‍പാദനകാലം മുഴുവന്‍ ആ വെറുപ്പിന്റെ ഭാരമേന്തി അവള്‍ ജീവിക്കേണ്ടി വരുന്നു.
 
തുടങ്ങാം വീട്ടില്‍ നിന്ന്
 
ഒരു ആര്‍ത്തവ ശുചിത്വ ദിനം കൂടെ കടന്ന് പോകുകയാണ്. ഇന്നും നമ്മുടെ സമൂഹത്തിലുള്ള പെണ്‍കുട്ടികളും സ്ത്രീകളും ആര്‍ത്തവത്തെ ചൊല്ലി അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.  ഇവയൊക്കെ പരിഹരിക്കപ്പെടാനും, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനും,  ആര്‍ത്തവം അശുദ്ധമല്ലന്നും, മറ്റേതൊരു ആളെപോലെ തന്നെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കും എല്ലാ അധികാരങ്ങളും ലഭിക്കുമെന്നും ഉറപ്പാക്കാന്‍ നമ്മള്‍ ഇനിയും ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
 
കൗമാര പ്രായമെത്തുന്ന ഓരോ കുട്ടിയുടെയും ലിംഗഭേദമന്യേ വീട്ടുകാര്‍ തന്നെ പറഞ്ഞു കൊടുക്കേണ്ട ഒരു കാര്യമാണ് ആര്‍ത്തവം ഒരു ജൈവീക പ്രക്രിയ അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും. ആര്‍ത്താവത്തെ അശുദ്ധിയായി കാണുന്നതിന് പകരം അതിന്റെ മാഹാത്മ്യം മനസിലാക്കാന്‍ സമൂഹവും ഇതിലൂടെ പഠിക്കണം.
 
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക്
 
ഇതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്ലൊരു പങ്ക് വഹിക്കാനാകും. ബഹുജന വിദ്യാഭ്യാസ ക്യാമ്പയിനുകള്‍,  അടിസ്ഥാന സൗകര്യ വികസനം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍, ആര്‍ത്തവത്തിന്റെ ശാസ്ത്രം പഠിപ്പിക്കല്‍ മുതലായവ. വനിതാ ഘടക പദ്ധതിക്കായി നീക്കിവയ്ക്കുന്ന പത്ത് ശതമാനത്തിലെങ്കിലും ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് മെന്‍സ്ട്രുള്‍ കപ്പുകളും തുണി നാപ്കിനുകളും പഞ്ചായത്തിന്റെ ഒരു പ്രത്യേക പരിപാടിയായി നടപ്പിലാക്കിയതും നമക്ക് മുന്നില്‍ മാതൃകയുണ്ട്. ഇതുപോലെ ഓരോ ഗ്രാമ പഞ്ചായത്തും നഗരസഭയും ആര്‍ത്തവ പരിപാലന സൗകര്യത്തിനായി ഒരു സമഗ്ര പദ്ധതി ഉണ്ടാക്കുന്നത് ഉപകാരപ്രദമാണ്. 
 
അതോടൊപ്പം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം,  തൊഴില്‍,  ആരോഗ്യം, യാത്രകള്‍ എന്ന് തുടങ്ങി എല്ലാ മേഖലയിലും ആര്‍ത്തവ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കണം. 
 
ആര്‍ത്തവ അവധിയുമായി സ്ഥാപനങ്ങള്‍
 
2020 ആഗസ്റ്റില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ Zomato തങ്ങളുടെ  ജീവനക്കാരില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും വര്‍ഷത്തില്‍ പത്ത് ദിവസം പീരിയഡ് ലീവ് നല്‍കാന്‍ തീരുമാനിച്ചത് വലിയ ശ്രദ്ധപിടിച്ചു പറ്റി. മുന്‍പും ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള  തീരുമാനവുമായി വന്നിട്ടുണ്ട്. ആര്‍ത്തവ അവകാശങ്ങളെ അംഗീകരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണിത്. ഒപ്പം ആര്‍ത്തവം സ്ത്രീകള്‍ക്കു മാത്രമല്ല എന്ന വസ്തുതയും ചൂണ്ടിക്കാണിക്കുന്നു.
 
പലര്‍ക്കും ആര്‍ത്തവ സമയത്ത് ശാരീരികവും മാനസികവുമായ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു.. ആര്‍ത്തവ ദിവസങ്ങളില്‍ നൂറ് നൂറ് കള്ളങ്ങള്‍ പറഞ്ഞ് അവധി എടുക്കുന്നു. ഇല്ലാത്ത കാരണങ്ങള്‍ക്ക് വേണ്ടി പഴി കേള്‍ക്കുന്നു.
 
'എനിക്ക് പിരീഡ്‌സ് ആയത് കാരണമാണ് കഴിഞ്ഞദിവസം വരാത്തത്'..  അല്ലെങ്കില്‍ എനിക്ക് പിരീഡ്‌സ് ആയത് കാരണം ഞാന്‍ ഇന്ന് വരുന്നില്ല - എത്ര പേര്‍ ഇങ്ങനെ പറയും? 
 
പൊതുവിടങ്ങളില്‍ വെച്ച് പിരീഡ്‌സ് ആയത് തുറന്നു പറയാന്‍ മടിച്ച് എത്രപേര്‍ എല്ലാം സഹിച്ച് പിടിച്ചു നിന്നിട്ടുണ്ടാകും? എത്ര പേര്‍ ഇരിപ്പിടങ്ങള്‍ നിന്ന് എണീക്കാന്‍ പോലും ഭയന്ന് വൈകുന്നേരം ആവാനും അവസാനത്തെ ആള്‍ പോകാനും വരെ കാത്തു നിന്നിട്ടുണ്ടാവും? 
 
ഇപ്പോഴും പലരും പറയുന്നത് വയറുവേദന ആയിരുന്നു തലവേദനയായിരുന്നു വയ്യായിരുന്നു  എന്നൊക്കെയാണ്.. പീരിയഡ്‌സ്  ആണെന്ന് തുറന്ന് പറയാന്‍ എല്ലാ അധികാരവുമുള്ള നമ്മള്‍ തന്നെ അങ്ങനെ പറയാന്‍ മടിക്കുമ്പോള്‍ സമൂഹം ആര്‍ത്തവത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?  
 
സമൂഹം മാറുന്നു എന്നതിനും ആര്‍ത്തവത്തെയും ആര്‍ത്തവ അവകാശങ്ങളെയും ഒഴിച്ചുകൂടാനാവില്ലാ എന്നതിനുമൊക്കെയുള്ള ചെറിയ  ഉദാഹരണമാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെയും.  ഇത് ഒന്നോ രണ്ടോ സ്ഥലത്തു മാത്രം ചുരുങ്ങാതെ ഇരിക്കട്ടെ എന്നും ആശംസിക്കാം.
 
സ്‌കൂളുകളിലും തൊഴിലിടങ്ങളിലും
 
ആര്‍ത്തവവുമായി ബന്ധപ്പെട്ട് ധാരാളം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്‌കൂളും ജോലിയും നഷ്ടപെടുന്നുണ്ടെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും സ്ത്രീ സൗഹൃദ ടോയ്ലെറ്റുക്കളും വിശ്രമ മുറികളും ഉറപ്പാക്കണം. ഇതിന് പുറമേ സ്‌കൂള്‍ തലം മുതല്‍ക്കേ തന്നെ ആര്‍ത്തവ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും വേണം. 
 
ഓരോ പെണ്‍കുട്ടിക്കും തന്റെ കൗമാര പ്രായമെത്തുമ്പോള്‍ ആര്‍ത്തവത്തെ പറ്റിയും ആര്‍ത്തവ പരിപാലനത്തെ പറ്റിയും നല്ല ബോധ്യം ഉണ്ടായിരിക്കണം.  ആര്‍ത്തവത്തെ ചൊല്ലി നിലനില്‍ക്കുന്ന തെറ്റായ സാമൂഹിക മാനദണ്ഡങ്ങള്‍ മാറ്റുകയും ഒപ്പം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ട വിദ്യാഭ്യാസ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍  ആവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക്  രുപംനല്‍കുകയും വേണം. തുണിയില്‍ പുരണ്ട ആര്‍ത്തവരക്തക്കറ കഴുകി കളയാന്‍ സാധിക്കും, എന്നാല്‍ ഇതേച്ചൊല്ലി പെണ്ണിന്റെ അന്തസ്സിന് നേരെ കോരിയൊഴിക്കപ്പെട്ട കറയോ? ചിന്തിക്കാം...

webdunia
രേഷ്മ ചന്ദ്രന്‍
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം