Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കന്‍ പോക്‌സ് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആരൊക്കെ, കടുത്ത ലക്ഷങ്ങള്‍ ഇവ

ചിക്കന്‍ പോക്‌സ് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആരൊക്കെ, കടുത്ത ലക്ഷങ്ങള്‍ ഇവ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 മാര്‍ച്ച് 2024 (10:52 IST)
ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍  എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.
 
കൂടുതല്‍ ശ്രദ്ധിക്കേണ്ടത്
 
4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്‌സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്‌സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ
 
വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക.
 
ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ചിക്കന്‍ പോക്‌സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്. ചിക്കന്‍ പോക്‌സ് വന്നിട്ടില്ലാത്തവര്‍ക്ക് ചിക്കന്‍ പോക്‌സ്/ ഹെര്‍പിസ് സോസ്റ്റര്‍ രോഗികളുമായി സമ്പര്‍ക്കം വന്ന് 72 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ക്ക് നടുവേദന വരാനുള്ള പ്രധാനകാരണം ഇവയാണ്